മുംബൈ: ബാന്ദ്രയിലെ വീട്ടിൽ വെച്ച് ഇന്നലെ രാത്രി മോഷ്ടാവിന്റെ ആക്രമണത്തിനിടെ കത്തിയുടെ കഷ്ണങ്ങൾ നട്ടെല്ലിൽ കുടുങ്ങിയതിനെ തുടർന്ന് താരം സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്ന് ദ്രാവകം ചോർന്നതായി ലീലാവതി ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. കുത്തേറ്റതിനെ തുടർന്ന് കൈയിലും കഴുത്തിലും പ്ലാസ്റ്റിക് സർജറികൾ നടത്തിയതായും ഡോക്ടർ പറഞ്ഞു. 54 കാരനായ നടൻ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
ബുധനാഴ്ച പുലർച്ചെ 2 മണിക്കാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നട്ടെല്ലിൽ കത്തി തറച്ചതിനാൽ തൊറാസിക് നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റുവെന്നും ഡോക്ടർ പറഞ്ഞു. തൊറാസിക് നട്ടെല്ല് എന്നത് കഴുത്തിന്റെ അടിഭാഗത്തിനും വാരിയെല്ലുകളുടെ അടിഭാഗത്തിനും ഇടയിലുള്ള നട്ടെല്ലിന്റെ ഭാഗമാണ്.
“കത്തി നീക്കം ചെയ്യാനും നട്ടെല്ലിൽനിന്ന് ദ്രാവകം ഒലിക്കുന്നത് തടയാനും ശസ്ത്രക്രിയ നടത്തിയെന്നും ഡോക്ടർ പറഞ്ഞു. ഇടതുകൈയിലെ ആഴത്തിലുള്ള മുറിവുകളും കഴുത്തിലെ ഒരു മുറിവും പ്ലാസ്റ്റിക് സർജറി നടത്തി. ആറു തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഓട്ടോറിക്ഷയിലാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രണ്ടു കിലോമീറ്റർ അകലെ താമസിക്കുന്ന മകനാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത്.
പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.