റിയാദ്- മുസ്ലിം വിരുദ്ധ സമീപനങ്ങളിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറിയും പ്രഭാഷകനുമായ ഉസ്മാൻ താമരത്ത് അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ നിയോജകമണ്ഡലം റിയാദ് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ”വർത്തമാന കാലത്തെ മുസ്‌ലിം ജീവിതം” എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പെരിന്തൽമണ്ണ നിയോജകമണ്ഡലം കെഎംസിസി പ്രസിഡന്റ് ഖമറുദ്ധീൻ കുയിലൻ അധ്യക്ഷം വഹിച്ചു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം വിരുദ്ധ നിയമങ്ങൾ ചുട്ടെടുക്കുന്നതിൽ മോഡി ഗവൺമെന്റ് കാണിക്കുന്ന താല്പര്യം വർഗീയമാണ്. പുരാതനവും പ്രസിദ്ധവുമായ മസ്ജിദുകളുടെയും ദർഗകളുടെയും മേൽ അവകാശം ഉന്നയിക്കുന്നത് തികഞ്ഞ ഫാസിസമാണ്. ആർക്കിയോളജിക്കൽ സർവേ നടത്തി ബോധപൂർവം കലാപം ഉണ്ടാക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ആരാധനാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കണം. മുനമ്പം വഖഫ് ഭൂമി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടത് സർക്കാർ ശ്രമിക്കാതിരിക്കുന്നത് ദുരൂഹമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ പേര് പറഞ്ഞ് കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുമേൽ തീവ്രവാദ ചാപ്പ കുത്താനുള്ള സി.പി.എമ്മിന്റെ നീക്കം അപകടകരമാണ്. ഭൂരിപക്ഷ സമൂഹത്തെ കൂടെ നിർത്താൻ നിരന്തരം മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ഇടത് നേതാക്കൾ അതിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഉസ്മാൻ താമരത്ത് ആവശ്യപ്പെട്ടു.
സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, അസീസ് വെങ്കിട്ട, ഷാഫി മാസ്റ്റർ തുവ്വൂർ, ഷമീർ പറമ്പത്ത്, പി സി അലി വയനാട്, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, വൈസ് പ്രസിഡന്റ് മജീദ് മണ്ണാർമ്മല, യൂനുസ് സലിം താഴെക്കോട്, നാസർ മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ നിയോജകമണ്ഡലം കെ.എം.സി.സി ഭാരവാഹികളായ ഹംസ കട്ടുപ്പാറ, ഹാരിസ് ആലിപ്പറമ്പ്, ജാഫർ താഴെക്കോട്, ഹുസൈൻ ഏലംകുളം, ഷൗകത്ത് ബാലയിൽ, ഹാരിസ് മൗലവി അമ്മിനിക്കാട്, നസീർ വളപുരം, ശരീഫ് തുത, ഫൈസൽ മണ്ണാർമല, ഷാജി മേലാറ്റൂർ ബഷീർ കട്ടുപ്പാറ എന്നിവർ നേതൃത്വംനൽകി. നിയോജകമണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ബുഷൈർ താഴെക്കോട് സ്വാഗതവും ട്രഷറർ ഷിഹാബ് മണ്ണാർമല നന്ദിയും പറഞ്ഞു.