മലപ്പുറം: സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തിനും യോജിച്ച മുന്നോട്ട് പോക്കിനും എന്ത് വിട്ട് വീഴ്ചക്കും തയ്യാറാണെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ മെമ്പർ വാക്കോട് മൊയ്തീൻകുട്ടി മുസ്‌ല്യാർ, എസ്. വൈ. എസ് സംസ്ഥാന സെക്രട്ടരിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടു പാറ , എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
സംഘടനാ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്ന് വരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമർശങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങൾക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങൾ കാരണമാവുകയും ചെയ്തതിൽ ഖേദം രേഖപ്പെടുത്തുന്നു.
സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടർന്ന് വാർത്താ സമ്മേളനം നടത്തിയതും. ചില പരാമർശങ്ങിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതിൽ സങ്കടമുണ്ടെന്നും വാർത്ത സമ്മേളനത്തിൽ ആവർത്തിക്കപ്പെട്ടതുമാണ്.
ചർച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയായിരുന്നു. എന്നാൽ സംഘടനക്കകത്തും സമുദായത്തിനകത്തും രജ്ഞിപ്പും ഒരുമയും അനിവാര്യമാണെന്നത് കൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ ധാരണയായ പ്രകാരം തുടർചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്ന് അവർ അഭിപ്രായപ്പെട്ടു.