ജിദ്ദ: ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ (എ.വൈ.എസ്.എഫ്) ബോർഡ് അംഗമായി സൗദി യോഗ കമ്മിറ്റി വൈസ് പ്രസിഡന്റ് മിഷായേൽ ബിൻത് ഫൈസലിനെ നിയമിച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ബോർഡ് അംഗമായാണ് നിയമനം. യോഗയ്ക്ക് സൗദി നൽകുന്ന പ്രാധാന്യവും പരിഗണനയും സ്വീകാര്യതയും മുൻ നിർത്തിയുള്ളതാണ് ഈ അംഗീകാരം. ഇതോടൊപ്പം വനിതകളുടെയും കുട്ടികളുടെയും സുരക്ഷാ സമിതിയുടെ പ്രസിഡന്റായും മിഷാ യേൽ രാജകുമാരി സേവനമനുഷ്ഠിക്കും.
യോഗയിലും വനിതാ കായിക ഇനങ്ങളിലും രാജകുമാരിയുടെ നേതൃത്വവും വൈദഗ്ധ്യവും പുതിയ സ്ഥാന ലബ്ധിയ്ക്ക് മാനദണ്ഡമായി. സൗദി സ്‌പോർട്‌സിനെ വൈവിദ്ധ്യപൂർണമായ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഈ നിയമനം സഹായിക്കുമെന്ന് സൗദി യോഗ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് പദ്മശ്രീ നൗഫ് അൽ മർവായി ദ മലയാളം ന്യൂസിനോട് പറഞ്ഞു. സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലും വിവിധ കായിക ഇനങ്ങളിൽ അത്‌ലറ്റ് സുരക്ഷ ഉറപ്പാക്കുന്നതിലും രാജകുമാരി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
സ്‌പോർട്‌സിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഏഷ്യയിലുടനീളം യോഗാസനത്തിന്റെയും പരമ്പരാഗത കായിക ഇനങ്ങളുടെയും വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് അവരുടെ നിയമനമെന്നും നൗഫ് അൽ മർവായി പറഞ്ഞു.
സൗദി യോഗ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള അവരുടെ ചുമതലയ്ക്ക് പുറമേ, അറബ് സൈക്ലിംഗ് ഫെഡറേഷനിലെ വനിതാ സ്‌പോർട്‌സ് കമ്മിറ്റിയുടെ പ്രസിഡന്റായും മിഷായേൽ രാജകുമാരി പ്രവർത്തിക്കുന്നു.