റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീതി സാഹിബ് സാമൂഹ്യ പഠന കേന്ദ്രം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കുട്ടി അഹമ്മദ് കുട്ടി സ്മാരക ലൈബ്രറിയുടെ നാമകരണം അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. പഠന കേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലന കളരിയില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങലും ഡിബേറ്റ് ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂരും നിര്‍വ്വഹിച്ചു.
‘സീതി സാഹിബും ഫാറൂഖ് കോളേജും’ എന്ന വിഷയത്തില്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്ത് പ്രഭാഷണം നിര്‍വഹിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനം പ്രധാനപ്പെട്ട അജണ്ടയായി സ്വീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ സംഭാവനകളില്‍ ഉള്‍പ്പെട്ടതാണ് ഫാറൂഖ് കോളേജ്. കോളേജ് യഥാര്‍ഥ്യമാക്കുവാന്‍ കെഎം സീതി സാഹിബ് നടത്തിയ കഠിനാധ്വാനം ആര്‍ക്കും വിസ്മരിക്കുവാന്‍ കഴിയില്ല. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേയും നേതാക്കളുടേയും സ്വത്തും സാമ്പാദ്യവും കോളേജിന് വേണ്ടി സമര്‍പ്പിച്ചതാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പ്രത്യേക താല്പര്യവും പരിശ്രമവും കോളേജ് നിലവില്‍ വരാന്‍ കാരണമാണ്. തെന്നിന്ത്യയിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് ഒരു ജനതയുടെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനകളര്‍പ്പിച്ച സ്ഥാപനമാണ്.
ഫാറൂഖ് കോളേജിന് വഖഫായി കിട്ടിയ മുനമ്പം ഭൂമിയുടെ കാര്യമാണ് അവസാനമായി കെഎം സീതി സാഹിബ് തന്നോട് പറഞ്ഞതെന്ന് സി എച്ച് മുഹമ്മദ് കോയ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. മരണം വരേ കോളേജിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സീതി സാഹിബ് കേരളീയ മുസ്‌ലിം പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ വിസ്മയകരമാണ്. വഖഫ് ഭൂമി സംരക്ഷിക്കപ്പെടണമെന്നും നിലവിലെ പ്രശ്‌നം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ നീതി പൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉസ്മാന്‍ താമരത്ത് അഭിപ്രായപ്പെട്ടു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, അഷ്‌റഫ് കല്പകഞ്ചേരി, സിറാജ് മേടപ്പില്‍, ഷമീര്‍ പറമ്പത്ത്, ഷംസു പെരുമ്പട്ട, കബീര്‍ വൈലത്തൂര്‍, പി സി അലി വയനാട്,
പൊളിറ്റിക്കല്‍ വിംഗ് ഭാരവാഹികളായ നാസര്‍ മംഗലത്ത്, നൗഷാദ് പി.ടി, കരീം കാനാംപുരം, ആബിദ് കൂമണ്ണ എന്നിവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ അഡ്വ അനീര്‍ ബാബു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു.