ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവില്‍ ‘സ്വര്‍ണ കക്കൂസും സ്വിമ്മിങ് പൂളും മിനി ബാറു’മുണ്ടെന്ന ബിജെപി ആരോപണത്തിലെ സത്യം പുറത്തു കൊണ്ടുവരാന്‍ ഇവിടെ പരിശോധനയ്‌ക്കെത്തിയ എഎപി നേതാക്കളെ പൊലീസ് തടഞ്ഞു. ദല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവരെയാണ് ദല്‍ഹി പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ വസതിക്കു മുമ്പില്‍ ധര്‍ണ നടത്തി. ഈ ബംഗ്ലാവിനുള്ളിലെ സത്യവാസ്ഥ പുറത്തു കൊണ്ടു വരാന്‍ മാധ്യമങ്ങളെ കൂട്ടി നേതാക്കള്‍ വരുമെന്ന് കഴിഞ്ഞ ദിവസം എഎപി പ്രഖ്യാപിച്ചിരുന്നു.
ദല്‍ഹി മുഖ്യന്ത്രി ആയിരിക്കെ അരവിന്ദ് കെജ് രിവാള്‍ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്നു 6- ഫ്‌ള്ാഗ്സ്റ്റാഫ് റോഡ്. ഇവിടെ എഎപി സര്‍ക്കാര്‍ കോടികള്‍ മുടക്കി ആഡംബര സൗകര്യങ്ങളൊരുക്കി എന്ന് ഏതാനും മാസങ്ങളായി ദല്‍ഹിയിലെ ബിജെപി വലിയ പ്രചാരണം നടത്തി വരികയാണ്. ഈ ബംഗ്ലാവ് എഎപി സര്‍ക്കാര്‍ രാജകൊട്ടാരം പോലെ ശീഷ് മഹല്‍ ആക്കി മാറ്റിയെന്നാണ് ആരോപിക്കുന്നത്.
ബിജെപിയുടെ വ്യാജപ്രചരണം ഇന്നത്തോടെ പൊളിഞ്ഞിരിക്കുകയാണെന്ന് സഞ്ജയ് സിങ് പറഞ്ഞു. ഈ ബംഗ്ലാവിനകത്ത് സ്വര്‍ണ കക്കൂസും സ്വിമ്മിങ് പൂളും മിനി ബാറുമൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇതൊക്കെ പരിശോധിക്കാന്‍ മാധ്യമങ്ങളെ കൂട്ടി വന്നപ്പോള്‍ നേരിടാന്‍ ജലപീരങ്കിയും പൊലീസിനേയും വിന്യസിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഭീകരര്‍ ആണോ അദ്ദേഹം ചോദിച്ചു.
മുഖ്യന്ത്രിയുടെ വസതിയിലേക്ക് ആരേയും കടത്തി വിടരുതെന്ന് ഉന്നത അധികാരികളില്‍ നിന്ന് നിര്‍ദേശമുണ്ട് എന്നാണ് പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
എല്ലാ ദിവസവും ബിജെപി ഈ ബംഗ്ലാവിലേതെന്ന് പറഞ്ഞ് പല വിഡിയോകളും പുറത്തു വിടുന്നു. ഇതൊക്കെ കാണാനും പൊതുജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുമാണ് മാധ്യമങ്ങളെ കൂട്ടി വന്നത്. പക്ഷെ അകത്തേക്കു പ്രവേശിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.