പാലക്കാട്- മലപ്പുറം ജില്ലയെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവ് ജയസൂര്യന്റെ പ്രസ്താവനക്ക് എതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മലപ്പുറത്ത് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് മലപ്പുറത്തിന് എതിരെ ജയസൂര്യൻ കടുത്ത ആക്ഷേപം ഉന്നയിച്ചത്. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിച്ചില്ലെന്നും ജയസൂര്യൻ ഇന്നലെ ടി.വി ചർച്ചയിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സന്ദീപ് വാര്യർ രംഗത്തത്തിയത്.
ജയസൂര്യൻ പൊതുവേ മൃദുഭാഷിയായ ബിജെപി നേതാവായിരുന്നുവെന്നും മൃദുഭാഷിയായ ജയസൂര്യനെ പോലും കടുത്ത വർഗീയവാദിയാക്കുന്ന ഇക്കോ സിസ്റ്റത്തെ കുറിച്ചാണെന്ന് പറഞ്ഞാണ് ജയസൂര്യനെതിരെ സന്ദീപ് വാര്യർ രംഗത്തെത്തിയത്.
തിരൂരിലെ തുഞ്ചൻ പ്രതിമ ബിജെപിയുടെ കേരളഘടകം വർഗീയ വിഭജനം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരായുധമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. മറ്റൊന്നും ഏറ്റില്ലെങ്കിൽ ഇതെങ്ങനെയുണ്ട് എന്ന് മാന്നാർ മത്തായിയിൽ ഇന്നസെന്റ് ചോദിക്കുന്നതുപോലെ തുഞ്ചൻ പ്രതിമ എടുത്തണിയും. പക്ഷേ വാസ്തവവിരുദ്ധമായ നുണപ്രചാരണമാണ് തുഞ്ചൻ പ്രതിമയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്നത് എന്നതാണ് സത്യം.
അത് സംബന്ധിച്ച് വിശദീകരണം പല ഘട്ടങ്ങളിൽ പ്രതിമ സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മാധ്യമ സ്ഥാപനവും അന്തരിച്ച എം.ടി വാസുദേവൻ നായരും നൽകിയിട്ടുള്ളതാണ്. മലപ്പുറത്തിന് അങ്ങനെ പ്രതിമാവിദ്വേഷം ഒന്നുമില്ല. തൽക്കാലം അത് അവിടെ നിൽക്കട്ടെ.
മൂന്നുവർഷം മുമ്പ് തിരൂരിൽ ബി.ജെ.പി സ്ഥാപിക്കുമെന്ന് പറഞ്ഞ തുഞ്ചൻ പ്രതിമ എവിടെയാണ് ഉള്ളത് എന്ന് പറയാമോ ? മെട്രോമാൻ ശ്രീധരനെ മുഖമായി നിർത്തി പാൽ സൊസൈറ്റി മുതൽ പാർലമെന്റ് വരെ മത്സരിക്കുന്ന കൃഷ്ണകുമാറിനെ കൺവീനർ ആക്കി ആയിരത്തൊന്ന് അംഗ പ്രതിമ നിർമ്മാണ കമ്മിറ്റി ഉണ്ടാക്കിയിരുന്നല്ലോ. തുഞ്ചത്ത് ആചാര്യന്റെ പ്രതിമയുടെ പേരിൽ കോടികൾ പിരിച്ച് പുട്ടടിച്ചതല്ലാതെ ബി.ജെ.പി എന്താണ് ചെയ്തിട്ടുള്ളത് ?
1001 അംഗ തുഞ്ചൻ പ്രതിമ നിർമ്മാണ കമ്മിറ്റി പിന്നീട് എപ്പോഴെങ്കിലും യോഗം ചേർന്നിട്ടുണ്ടോ ? തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച സുരേന്ദ്രൻ പിന്നീട് എപ്പോഴെങ്കിലും തിരൂർ കണ്ടിട്ടുണ്ടോ ? മലപ്പുറത്തെ പാക്കിസ്ഥാൻ എന്നാണ് ജയസൂര്യൻ ഇന്നലെ ടിവി ചർച്ചയിൽ വിശേഷിപ്പിച്ചത്. മലപ്പുറം ഇന്ത്യയാണ്. ഇന്ത്യയ്ക്ക് മാതൃകയാണ് മലപ്പുറം. മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ജനിച്ചു വളർന്ന ഒരു ഇന്ത്യക്കാരനാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു.