ന്യൂദല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് അദ്ദേഹത്തിനു വേണ്ടിയുള്ള സ്മാരകത്തെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോര്. കീഴ്‌വഴക്കമനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ഇടത്തു തന്നെ മന്‍മോഹന്‍ സിങ്ങിനു വേണ്ടി സ്മാരകം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിരുന്നു. സ്മാരകം നിര്‍മ്മിക്കുന്നതിനു സ്ഥലം അനുവദിക്കുമെന്ന് തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്മാരകം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് തിരച്ചടിച്ചു. ഇത് ഇന്ത്യയിലെ ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മന്‍മോഹന്‍ സിങിനെ നിര്യാണത്തെ ചൊല്ലിയുള്ള ഈ വൃത്തിക്കെട്ട രാഷ്ട്രീയം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് എങ്ങനെയാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് കാണിച്ച സമീപനം അദ്ദേഹത്തിന്റെ മകള്‍ തന്നെ പരസ്യമായി പറഞ്ഞതാണെന്നും ബിജെപി പ്രസ്താവനയിലൂടെ പ്രതികരിച്ചു.