റിയാദ് – സാമൂഹികമാധ്യമങ്ങളിലൂടെ താന്‍ ചെയ്യുന്ന പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനവുമായി ബന്ധപ്പെട്ട് കൃത്യമല്ലാത്ത വിവരങ്ങള്‍ അടങ്ങിയ പ്രസ്താവന നടത്തിയ സ്‌നാപ് ചാറ്റ് സെലിബ്രിറ്റിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ താന്‍ ചെയ്യുന്ന പരസ്യങ്ങള്‍ക്ക് ഭീമമായ വരുമാനം ലഭിക്കുന്നതായി വാദിച്ച സെലിബ്രിറ്റി സാറ അല്‍വദ്ആനിയാണ് അന്വേഷണം നേരിടുന്നത്. സൗദി മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ദരീം നടത്തിയ അഭിമുഖത്തിലാണ് സാറ അല്‍വദ്ആനി പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തെ കുറിച്ച് വ്യാജ അവകാശവാദമുന്നയിച്ചത്.
ഒരു പരസ്യത്തിന് താന്‍ 70,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് ഈടാക്കുന്നതെന്ന് സാറ അല്‍വദ്ആനി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു കമ്പനിക്കു വേണ്ടി പരസ്യം ചെയ്യാന്‍ ഒരു കോടി റിയാലിന് കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതാണ് പരസ്യത്തിലൂടെ തനിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലം.
പ്രതിദിനം ശരാശരി നാലു പരസ്യങ്ങള്‍ തോതില്‍ വര്‍ഷത്തില്‍ 1,500 ഓളം പരസ്യങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്നും വര്‍ഷത്തില്‍ പത്തു കോടിയിലേറെ റിയാല്‍ പരസ്യങ്ങളിലൂടെ വരുമാനം ലഭിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ സാറ അല്‍വദ്ആനി വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ സാറ അല്‍വദ്ആനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇവരെ പോലുള്ള ക്ഷുദ്രജീവികളെ പിന്തുണക്കുന്നത് നിര്‍ത്തണമെന്ന് സൗദി എഴുത്തുകാരി ഡോ. വഫാ അല്‍റശീദ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.