ബഷീറിന് വീണ്ടും സുഖമില്ല. ആളുകൾ വീടിനു ചുറ്റും നിൽക്കുന്നുണ്ട്. കഠാരിയെടുത്ത് അവരെ വിരട്ടിയോടിച്ച് നിൽക്കുന്ന ആളുടെ അടുത്തേക്ക് ആർക്കും അടുക്കാൻ വയ്യ!. ഞാൻ പട്ടത്തുവിള കരുണാകരനെ അറിയിച്ചു. ഞങ്ങളൊക്കെ ബാലേട്ടനെന്ന് വിളിക്കുന്ന പുതുക്കുടി ബാലകൃഷ്ണനെ വിളിച്ചു. ബഷീറിനെ നിയന്ത്രിക്കാൻ കരുത്തുള്ള ഒരാളെ തേടി ആദ്യം പുറപ്പെട്ട ബാലേട്ടൻ ആ കക്ഷി ഒഴിഞ്ഞു മാറിയെന്ന് അറിയിച്ചുകൊണ്ട് പിന്നിൽ വന്നിറങ്ങി. വീട്ടിൽ നിറയെ വെളിച്ചമുണ്ടായിരുന്നു. മുൻവശത്തും മുറ്റത്തും വെളിച്ചം. ഇടവഴിയിലും വേലിക്കു പുറത്തുമായി ജനം. ഗ്രാമീണ ധീരന്മാർ കൈത്തണ്ട കടിച്ച് കത്തി തെറിപ്പിച്ച് നിൽക്കുന്ന ബഷീറിനെ പിടിച്ച് കെട്ടേണ്ടവിധം വേലിക്കടുത്ത് നിന്ന് ആസൂത്രണം ചെയ്യുന്നു.
“”അടുത്ത് പോകണ്ട. എന്തും സംഭവിക്കും.”- ആരൊക്കെയോ ഞങ്ങളെ വിലക്കി.
“ഒന്നും സംഭവിക്കാത്തപോലെ നമുക്ക് കയറാം.” കരുണാകരൻ പറഞ്ഞു. ഞങ്ങൾ ശാരീരികമായി വളരെ ദുർബലരാണ്. പക്ഷെ ഭയമുണ്ടായിരുന്നില്ല. മഴുത്തായയും മുളവടിയും തേടുകയും തന്ത്രങ്ങളാലോചിക്കുകയും ചെയ്യുന്ന “സ്ഥലത്തെ പ്രധാന ധീരന്മാർ” ക്ക് ഈ മനുഷ്യനെ വിട്ടുകൊടുത്താൽ എന്തും സംഭവിക്കും. ഞങ്ങൾ നെഞ്ചിടിപ്പോടെ, പക്ഷേ ഒരുതരം ധാർമ്മിക ശക്തിയുടെ പിൻതുണയോടെ, വളരെ അടുത്ത് ചെന്നു. ഞാൻ എന്നും ചെയ്യാറുള്ളതുപോലെ ശകാരസ്വരത്തിൽ ചോദിച്ചു:
“ഗുരു എന്താ ഈ കാട്ടുന്നത്? പാതിരായ്ക്ക് മനുഷ്യനെ പേടിപ്പിക്കാനാണോ കത്തിയും കഠാരിയുമായി നിൽക്കുന്നത്?”
പുനലൂർ രാജൻ മാത്രമാണ് വീട്ടിലുള്ളത്. അടുക്കാതെ നയത്തിൽ നിൽക്കുകയാണ് അസ്വസ്ഥനായ രാജൻ.
കരുണാകരനും നേരത്തെ നിശ്ചയിച്ചപോലെ സ്നേഹത്തോടെ ശകാരിച്ചു.
ഞങ്ങളെ തിരിച്ചറിഞ്ഞു. ഓരോരുത്തരെയായി പേരു വിളിച്ചു. പിന്നെ പറഞ്ഞു.
“അവൻ പല രൂപത്തിലും വരും!”
താളം തെറ്റിയ മനസ്സാണ് പറയുന്നത്.
ഞങ്ങൾ തുരുതുരെ സംസാരിച്ചു. ചുറ്റുമായി ഇരുന്നു. ബഷീറും ഇരുന്നു.
“ദാഹിക്കുന്നു.”
രാജൻ ഇളനീർ കൊണ്ടുവരാൻ ഇരുട്ടിൽ മറഞ്ഞു.
അപ്പോൾ ഞങ്ങളെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രസ്താവന:
ചിലപ്പോൾ അവൻ പുനലൂർ രാജൻ്റെ രൂപത്തിലും വരും.!”
എന്റെ ശ്രദ്ധമുഴുവൻ ആ വലിയ കഠാരിയിലായിരുന്നു. ഒരു നിമിഷം
കത്തി വായുവിൽ ഉയർന്നുതാണു. പൊടുന്നനെ കൈ പിൻവലിച്ച ഞാൻ അരിശവും ദുഃഖവും കലർന്ന് ചോദിച്ചു: “എന്താ ഈ ചെയ്‌തത്? ഇത് ഞാനല്ലേ, വാസുവല്ലേ. കുറെനേരം അനങ്ങാതിരുന്ന ശേഷം പറഞ്ഞു: എന്നെ തൊടരുത്, ചിലപ്പോൾ ഞാനെന്തെങ്കിലും ചെയ്തു പോകും. അവൻ പല രൂപത്തിലും വരും.”
ഞങ്ങൾ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു.
“എനിക്കു വയ്യ. തലയോലപ്പറമ്പിൽ പോണം.”
“പോകാലോ, ഷർട്ടെടുത്തിടൂ.”
കരുണാകാരൻ ഉടനെ പോകാമെന്ന് സമ്മതിച്ചു.
രാജൻ ഇളനീർ കൊണ്ടുവന്നപ്പോൾ അകലെ വെയ്ക്കാൻ കല്പിച്ചു. “വരൂ ഷർട്ടെടുത്തിടു. പോകാം. നേരം ഒരുപാടായി.” ഞങ്ങൾ പ്രേരി പ്പിച്ചു.
“അല്ലാഹുവിൻ്റെ ഖജനാവിൽ സമയത്തിന് ലോപമില്ല.”
ഞങ്ങൾ ഒന്നും സംഭവിക്കാത്തപോലെ തമാശ പറയാൻ ശ്രമിച്ചു. ആത്മവിശ്വാസം വളർത്താൻ ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പൽ കൂട്ടി.
അവസാനം ബഷീർ ഷർട്ടെടുത്ത് ചുമലിലിട്ടു.
“എന്തിനാ ഈ കത്തി? അത് താഴെയിടൂ.” സമ്മതിച്ചില്ല.
ഞങ്ങൾ സാവധാനത്തിൽ ഇടവഴിയിലേക്കിറങ്ങി. വേലിക്കടുത്തു നിന്ന് ഒരു നേർത്ത സ്ത്രീ ശബ്ദം എൻ്റെ പേർ വിളിച്ചു. ശ്രീമതി ബഷീറാണ്. കുട്ടിയേയും കൊണ്ട് പുറത്തുപോയി നിൽക്കാനാണ് നേരത്തെ പറഞ്ഞിരുന്നതത്രെ. അദൃശ്യശക്തികൾ ആക്രമിക്കാൻ വരുന്നു….
ബാലേട്ടന്റെ കാറിൽ ബഷീർ മുൻസീറ്റിൽ കയറിയിരുന്നു. ആശുപത്രിയിൽ അസമയത്തായതുകൊണ്ട് സൗകര്യങ്ങൾ ഉണ്ടാക്കാൻ കരുണാകരനും രാജനും പുറപ്പെട്ടു. ബാലേട്ടനാണ് കാറോടിച്ചിരുന്നത്. മുൻസീറ്റിൽ തന്നെ ബഷീറിന്റെ കൂടെ ഞാനും ഞെരുങ്ങിയിരുന്നു. “കത്തി മാറ്റാൻ കഴി യുമോ എന്ന് നോക്കാൻ” ബാലേട്ടൻ സ്വകാര്യമായി നിർദ്ദേശം തന്നിരുന്നു.
വലിയ കത്തി ബാലേട്ടന്റേയും ചെറിയ കത്തി എന്റെയും വാരിയെല്ലു കളെ തൊട്ടുരുമ്മുന്നു. ഏതോ അപഭ്രംശത്തിൻ്റെ നിമിഷത്തിൽ ബാലേട്ടനോ ഞാനോ ഇരുട്ടിന്റെ അദൃശ്യസന്തതികളിലാരോ വേഷം മാറി വന്ന താണെന്ന് കരുതിയാൽ…..
അർത്ഥവും ബന്ധവും ഇല്ലാതെ എന്തൊക്കെയോ ഞാൻ പറയാൻ ശ്രമിച്ചു. അസാധാരണമായി ഒന്നും നടക്കുന്നില്ല എന്ന് കാണിക്കാൻ. കണ്ണുകൾ കത്തി മുറുകെ പിടിച്ച കൈയ്യിൻ്റെ ചലനം ശ്രദ്ധിച്ചുകൊണ്ടിരുന്നു. തമാശക്കു ഗുരുവുമായി പഞ്ച പിടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് വേദനിച്ചിട്ടുണ്ട്. ഞാൻ മരിച്ചാലും എനിക്കൊന്നുമില്ല. ഗുരു രക്ഷപ്പെടട്ടെ. ഞാൻ സ്വയം പറഞ്ഞ് പറഞ്ഞ് ധൈര്യം വളർത്തി.
വെളുപ്പാൻ കാലത്ത് ആറരക്കാണ് ഈ കാവൽ അവസാനിക്കുന്നത്. ഞരമ്പുകൾ വരിഞ്ഞു മുറുകിയ, ഇഴഞ്ഞു നീണ്ട മണിക്കൂറുകൾക്കുശേഷം. തലയോലപ്പറമ്പിലേക്കെന്നപോലെ ഒഴിഞ്ഞ നഗരത്തിൽ കുറേനേരം ബാലേട്ടൻ കാറോടിച്ചു. അവസാനം അഞ്ചുമണിക്ക് ബാലേട്ടന്റെ വീട്ടിൽ. പിന്നെ ആസ്പത്രിയിൽ. സെഡറ്റീവ് ഇൻജെക്ഷനിൽ മയങ്ങിയപ്പോൾ വലിയ കത്തിമാറ്റി. ചെറിയ കത്തി കാണുന്നില്ല! അത് ബാലേട്ടന്റെ വീട്ടിലിരുന്ന സോഫയിൽ ഒളിപ്പിച്ചു വെച്ചത് പിന്നെ കണ്ടു. പിറ്റേന്ന് ഞങ്ങൾ ആസ്പത്രിയിൽ ചെന്നപ്പോൾ ഗുരു ശാന്തനായിരുന്നു.
ഒരു ദുഃസ്വപ്നത്തിൽ നിന്നുണർന്നപോലെ.
“എന്തൊക്കെയാണ് പറ്റിയത്?”
“ഒന്നും പറ്റിയില്ല. ഒരപകടവുമില്ല.”
“എനിക്കും വല്ലാത്ത ഭയം തോന്നി. നിങ്ങൾ വന്നപ്പോൾ കുറച്ചു സമാധാനമായി.”
ഇപ്പോൾ എല്ലാം തെളിയുന്നു.
ഭ്രാന്താസ്പത്രിയിലെ മുറിയിലാണ്.
“ഇവിടെ ഭയങ്കരമാണ്. ദുസ്സഹം! എനിക്കുടനെ പോണം. തൃശ്ശൂർക്ക്. വല്ലപ്പുഴയുടെ അടുത്ത് കുറച്ചു നാളിരുന്നാൽ എല്ലാം ശാന്തമാവും.” പിന്നെ വിട്ടുകിട്ടാനുള്ള പ്രയാസമായി. ഡോക്‌ടർ ദുർമ്മുഖം കാണിച്ചു. “പറയുമ്പോൾ അഡ്മിറ്റ് ചെയ്യുക, തോന്നുമ്പോൾ വിടുക. ഇത് ഭ്രാന്താണ്. ഇവിടെ നിയമങ്ങളുണ്ട്.”
ഞങ്ങൾ മനസ്സിൽ പറഞ്ഞു:
ഉണ്ട്, ശരിയാണ്. നമുക്കൊക്കെ ഉണ്ടല്ലോ അല്‌പം ഭ്രാന്ത്. പക്ഷേ ഈ ഭ്രാന്തൻ ഞങ്ങൾക്ക് ആവശ്യമാണ്, അഭിമാനമാണ്, ചിലപ്പോൾ അലങ്കാരവുമാണ്. ഡോക്ടർ വഴങ്ങി.
ബോധത്തിലും അബോധത്തിലും ശാന്തതയിലും വിഭ്രാന്തിയിലും എല്ലാം ഞാൻ ബഷീറിനെ നിരീക്ഷിച്ചിട്ടുണ്ട്. ബഷീറിന് ചുറ്റും മനുഷ്യർ വണം. സ്നേഹം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന മനുഷ്യർ. അത് ചെറിയ കുട്ടികളായാലും മതി. സി.എൻ അഹമ്മദ് മൗലവിയോട് മതതത്വങ്ങൾ ചർച്ച ചെയ്യുന്ന അതേ ഗൗരവത്തിലും ശ്രദ്ധയിലുമാണ് അഞ്ചു വയസുകാരനെയും പരിഗണിക്കുക.
പഴയ വിപ്ലവകാരിയും സഞ്ചാരിയും സൂഫിയും കാമുകനും ഒരു കലാകാരന്റെ ഉള്ളിൽ മരിക്കുന്നില്ല. നൂറ്റാണ്ടുകളുടെ നീള മുള്ള രാത്രികളിൽ കണ്ണും കാതും തുറന്നിട്ട് ഹൃദയത്തിന്റെ അറകളിൽ ജീവിതത്തിന്റെ സ്പന്ദനങ്ങൾ പിടിച്ചെടുക്കാൻ അവർ കുടികെട്ടി കാവലിരിക്കുന്നു. ആയിരമായിരം രാവുകളുടെ കാവലുകൾക്കിടയിൽ വലിഞ്ഞു മുറുകിയ ഞരമ്പുകൾ തളർത്തിയ മനക്കണ്ണുകൾ ചിലപ്പോൾ അദൃശ്യ ശക്തികളെക്കൂടി കാണുന്ന വേളകളിൽ നാമവരെ ഭ്രാന്തന്മാരെന്നും വിളി ക്കുന്നു.
ബഷീർ പോകാനെഴുന്നേറ്റു. “പോട്ടെ. ചിലപ്പോൾ ദേവിയുടെ കത്തു വരും. പുസ്തകത്തെപ്പറ്റി അറിയാതിരിക്കില്ല. പരസ്യം കണ്ടിരിക്കും. വന്നാൽ കൊണ്ടുവന്ന് കാണിക്കാം.
എഴുപത്തിമൂന്നിലെത്തിയ കാമുകൻ ചിരിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ച് ഇറങ്ങിപ്പോയി. പ്രേമത്തിന്റെ വേദന അറിഞ്ഞ കാമുകൻ. മതിലിനപ്പുറത്തെ സ്ത്രീയുടെ സ്വരവും ഗന്ധവും പിടിച്ചെടുക്കാൻ ജയിലറയിൽ കാത്തിരുന്ന പഴയ ഏകാന്തകാമുകൻ. മാളത്തിൽ ഞാൻ തനിയെ.
ഞാൻ നന്ദി പറയുന്നു: ഈ മനുഷ്യനോടല്ല. പിന്നിട്ട നെടുംപാതയിലെവിടെയോ ഒരു വഴിത്തിരിവിൽ, മുന്നിൽ വന്നു നിന്ന ഒരനർഘ നിമിഷത്തിന്. എന്റെ മരുപ്പറമ്പിൽ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തിൽ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉർവ്വരതക്ക്.
(വൈക്കം മുഹമ്മദ് ബഷീറിന്റെ ‘അനുരാഗത്തിൻ്റെ ദിനങ്ങൾക്ക് എം.ടി എഴുതിയ മുഖക്കുറിപ്പ്)