കുവൈത്ത് സിറ്റി – കുവൈത്ത് പൗരത്വം പിന്‍വലിക്കപ്പെട്ട വനിതകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടും അനുവദിക്കുമെന്നും മരണപ്പെടുന്നതു വരെ ഇവര്‍ക്ക് വേതനം വിതരണം ചെയ്യുമെന്നും പ്രഖ്യാപനം. കുവൈത്ത് ഉപപ്രധാനമന്ത്രിയും അനധികൃതമായി കുവൈത്ത് പൗരത്വം നേടിയവരുടെ കേസുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍സ്വബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫുമാരുമായും കുവൈത്ത് ന്യൂസ് ഏജന്‍സി ഡയറക്ടര്‍ ജനറലുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു ശൈഖ് ഫഹദ് യൂസുഫ് അല്‍സ്വബാഹ്.
കുവൈത്ത് പൗരത്വം പിന്‍വലിക്കപ്പെട്ട വനിതകളോട് അനീതി കാണിക്കരുതെന്ന് അമീര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് കുവൈത്തില്‍ മാന്യമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കും. കുവൈത്ത് പൗരത്വം വഴി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മരണം വരെ ഇവര്‍ക്ക് നല്‍കും.
അടുത്ത ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് വേതനം വിതരണം ചെയ്തു തുടങ്ങും. കുവൈത്ത് പൗരത്വം പിന്‍വലിച്ചതു മൂലം അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി എടുത്തുകളയും. പൗരത്വം പിന്‍വലിച്ച വനിതകള്‍ക്ക് നീല നിറത്തിലുള്ള അതേ പാസ്‌പോര്‍ട്ട് അനുവദിക്കും.
പാസ്‌പോര്‍ട്ടില്‍ പൗരത്വത്തിന്റെ കോളത്തില്‍ കുവൈത്തി വനിത എന്ന വിശേഷണം ഉണ്ടാകില്ല. ഇവര്‍ക്ക് കുവൈത്തികള്‍ക്ക് അനുവദിക്കുന്ന അതേ നീല നിറത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കും.
കുവൈത്ത് പൗരത്വം ലഭിക്കാന്‍ വേണ്ടി മാത്രം ചില വിദേശ വനിതകള്‍ കുവൈത്തി പൗരന്മാരെ വിവാഹം ചെയ്ത കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ കുവൈത്ത് പൗരത്വം ലഭിച്ച് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം കുവൈത്തികളുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് കുവൈത്തികളെ വിവാഹം ചെയ്ത് രണ്ടു വര്‍ഷത്തിനു ശേഷം കുവൈത്ത് പൗരത്വം ലഭിച്ചു. കുവൈത്ത് പൗരത്വം ലംഘിക്കപ്പെട്ടു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം പിഴവുകള്‍ പരിഹരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ 2,100 പേരുടെ കേസുകള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ 75 ശതമാനവും കുവൈത്തിന്റെ സ്വാതന്ത്ര്യത്തിനു ശേഷം പൗരത്വം നേടിയവരാണ്.
പൗരത്വവുമായി ബന്ധപ്പെട്ട് ഭരണഘടനയിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യും. ഏതെല്ലാം വകുപ്പുകളാണ് ഭേദഗതി ചെയ്യുകയെന്നോ എപ്പോഴാണ് ഇത് വരുത്തുകയെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ല. കുവൈത്തി പൗരന്മാരുടെ വിധവകളുടെയും കുവൈത്തികള്‍ വിവാഹമോചനം ചെയ്തവരുടെയും ഫയലുകള്‍ ക്ലിയര്‍ ആണെങ്കില്‍ അവരുടെ കാര്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ല. എട്ടാം വകുപ്പ് പ്രകാരം പൗരത്വം പിന്‍വലിക്കപ്പെട്ട വനിതകള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന അതേ വേതനം തുടര്‍ന്നും ലഭിക്കും. എന്നാല്‍ സൂപ്പര്‍വൈസറി തസ്തികകളില്‍ ഇവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല.
വ്യാജ രേഖകള്‍ സമര്‍പ്പിച്ചും തട്ടിപ്പിലൂടെയും പൗരത്വം നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് പൗരത്വം പിന്‍വലിക്കപ്പെട്ടിട്ടും അപ്പീല്‍ നല്‍കാത്തവര്‍ക്ക് തങ്ങള്‍ വ്യാജ രേഖകളിലൂടെയാണ് പൗരത്വം നേടിയതെന്ന കാര്യം അറിയാവുന്നതാണ്. അനധികൃത രീതിയില്‍ കുവൈത്ത് പൗരത്വം നേടിയവരെ കുറിച്ച് പരാതികള്‍ നല്‍കാന്‍ ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തിയ ശേഷം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിരവധി പേര്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെട്ടു.
ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാത്തില്‍ പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമം രണ്ടു മാസത്തിനുള്ളില്‍ മന്ത്രിസഭ അംഗീകരിക്കും. ബിദൂനുകള്‍ക്ക് മറ്റു രാജ്യങ്ങളുടെ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കാന്‍ ഒന്നിലേറെ രാജ്യങ്ങളുമായി കുവൈത്ത് സഹകരിക്കുന്നുണ്ട്. ബിദൂനുകള്‍ക്ക് പ്രത്യേക കുവൈത്ത് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. വിദേശ ചികിത്സക്കും പഠനത്തിനും വേണ്ടി മാത്രമേ ബിദൂനുകള്‍ക്ക് ഇനി മുതല്‍ പാസ്‌പോര്‍ട്ട് അനുവദിക്കുകയുള്ളൂ. ബിദൂനുകള്‍ പഠനം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് അവര്‍ക്ക് മറ്റു രാജ്യങ്ങളുടെ പൗരത്വം ലഭിക്കല്‍ എളുപ്പമാക്കുമെന്നും ശൈഖ് ഫഹദ് യൂസുഫ് അല്‍സ്വബാഹ് പറഞ്ഞു.
വ്യാജ രേഖകള്‍ സമര്‍പ്പിച്ചും തട്ടിപ്പിലൂടെയും കുവൈത്ത് പൗരത്വം നേടിയതായി കണ്ടെത്തിയ ആയിരക്കണക്കിനാളുകളുടെ കുവൈത്ത് പൗരത്വം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പിന്‍വലിച്ചിട്ടുണ്ട്. കുവൈത്ത് പൗരത്വം ലഭിച്ചിട്ടും മറ്റു രാജ്യങ്ങളുടെ പൗരത്വം ഉപേക്ഷിക്കാത്തവരുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. കുവൈത്ത് പൗരത്വം ലഭിക്കുന്നവര്‍ മറ്റു രാജ്യങ്ങളുടെ പൗരത്വം നിലനിര്‍ത്തുന്നത് നിയമ ലംഘനമാണ്. കുവൈത്തി പൗരന്മാരെ വിവാഹം ചെയ്തതിന്റെ ഫലമായി പൗരത്വം ലഭിച്ച വനിതകളുടെയും പൗരത്വം റദ്ദാക്കുന്നുണ്ട്.