മദീന – അല്‍ഉലയിലെ ശറആന്‍ നാച്വറല്‍ റിസര്‍വില്‍ താഴ്‌വരയുടെ ഹൃദയഭാഗത്ത് നടപ്പാക്കുന്ന ശറആന്‍ റിസോര്‍ട്ട് പദ്ധതി നിര്‍മാണ ജോലികളുടെ പുരോഗതി നേരിട്ട് സന്ദര്‍ശിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സന്ദര്‍ശനത്തിനിടെ പ്രദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത കിരീടാവകാശി അവരുമായി കുശലം പറയുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാനുമായി അല്‍ഉലയിലെ ശൈത്യകാല ക്യാമ്പില്‍ വെച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ചയും നടത്തി.

വിഷന്‍ 2030 ന്റെ ഭാഗമായി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ശറആന്‍ റിസോര്‍ട്ട് പദ്ധതി നടപ്പാക്കുന്നത്. പീഠഭൂമികള്‍, പാറക്കെട്ടുകള്‍, മണല്‍ക്കൂനകള്‍ എന്നിവയുടെ അതിശയകരമായ ഭൗമശാസ്ത്ര രൂപങ്ങള്‍ക്കിടയില്‍ റിസോര്‍ട്ട് വ്യാപിച്ചുകിടക്കുന്നു. അല്‍ഉലയിലെ മരുഭൂ പ്രകൃതിയുടെ മനോഹാരിത പ്രതിഫലിപ്പിക്കാനും സന്ദര്‍ശകര്‍ക്ക് സവിശേഷമായ ഒരു വിനോദസഞ്ചാര അനുഭവം നല്‍കാനുമായി ഈ സ്ഥലം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു.
പ്രകൃതിദത്ത പരിതസ്ഥിതിയില്‍ ശാന്തതയും ഏകാന്തതയും ആസ്വദിക്കാനുള്ള അവസരം സന്ദര്‍ശകര്‍ക്ക് നല്‍കുമ്പോള്‍ത്തന്നെ വിപുലമായ തലത്തിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമാണ് റിസോര്‍ട്ട്. മരുഭൂമിയിലെ പ്രകൃതിദത്ത വസ്തുക്കളുടെ സൗന്ദര്യത്തെക്കുറിച്ച് പഠിക്കാനും പ്രദേശത്തിന്റെ ആധികാരികത പ്രതിഫലിപ്പിക്കുന്ന അനുഭവം ആസ്വദിക്കാനും ഇത് സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു.

വിഷന്‍ 2030 ന് അനുസൃതമായി സുസ്ഥിര ടൂറിസം വികസിപ്പിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, പ്രകൃതി പരിസ്ഥിതിയെയും സാംസ്‌കാരിക പൈതൃകത്തെയും മാനിച്ചുകൊണ്ട് ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അല്‍ഉലയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ശറആന്‍ റിസോര്‍ട്ട് പദ്ധതി. ആഗോള ടൂറിസം ഭൂപടത്തില്‍ ഒരു വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്തുന്ന പദ്ധതികളെ പിന്തുണക്കാനുള്ള ഭരണാധികാരികളുടെ പ്രതിബദ്ധത കിരീടാവകാശിയുടെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നു.