മണല്‍പരപ്പിന് നടുവില്‍ വെള്ളവും മരങ്ങളും ഈത്തപ്പനകളും ഉള്‍പ്പെടുന്ന മരുഭൂമിയിലെ മരുപ്പച്ചയെക്കുറിച്ച് എല്ലാവരും കേള്‍ക്കുകയും ധാരാളം വായിക്കുകയും ചെയ്തിരിക്കുന്നു. മരുഭൂമിയുടെ ഹൃദയഭാഗത്തുള്ള ഒരു മരുപ്പച്ച പക്ഷേ യഥാര്‍ഥത്തില്‍ അധിക പേരും കണ്ടിട്ടുണ്ടാകില്ല. അല്‍മിശാശിന് തെക്കും ശഖ്‌റാ ഗവര്‍ണറേറ്റിലെ അല്‍ഖസബിന് തെക്കുപടിഞ്ഞാറും സ്ഥിതി ചെയ്യിന്ന ബ്രോദാന്‍ ഉദ്യാനം മരുഭൂ മരുപ്പച്ചയുടെ ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുന്നു.

മണലാരണ്യങ്ങളാലും കാട്ടുചെടികളാലും ഈത്തപ്പനകളാലും ചുറ്റപ്പെട്ട മരുഭൂമിയിലെ തടാകം മനോഹരവും ആകര്‍ഷകവും നയനാന്ദകരവുമായ ദൃശ്യവിരുന്നൊരുക്കി ഉല്ലാസ യാത്രികരെയും മരുഭൂപ്രേമികളെയും വശീകരിക്കുന്നു. സ്വര്‍ണ വര്‍ണത്തിലുള്ള മണല്‍പരപ്പും ഈത്തപ്പനകളും തടാകവും അടങ്ങിയ ബ്രോദാന്‍ ഉദ്യാന ദൃശ്യം മനോഹരമായ എണ്ണച്ഛായ ചിത്രം പോലെ എല്ലാവരുടെയും മനംകവരുന്നു. കാറ്റിനാല്‍ ചലിക്കുന്ന ജലത്തില്‍ നിന്ന് ഉയരുന്ന സ്വരങ്ങളുടെ പ്രൗഢിയും അതിനെ ചുറ്റിയുള്ള മണല്‍ത്തിട്ടകളുടെ ഭംഗിയും ബ്രോദാന്‍ ഉദ്യാനം സമന്വയിപ്പിക്കുന്നു.

ചെടികളാലും ഈത്തപ്പനകളാലും ചുറ്റപ്പെട്ട തടാകത്തില്‍ കാറ്റിനൊപ്പം ജലത്തിന്റെ ചലനത്താല്‍ കൂടുതല്‍ മനോഹരമായ ഈ ഭൂപ്രകൃതിയുടെ നിരവധി ചിത്രങ്ങള്‍ സൗദി ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അല്‍തവീല്‍ തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു. മരുഭൂമിയുടെ ഹൃദയഭാഗത്ത് മരുപ്പച്ചയുടെ ജീവിക്കുന്ന ഉദാഹരണം പോലെ അതിശയകരമായ സൗന്ദര്യാത്മക ചിത്രങ്ങളാണിവ. റിയാദിന് വടക്കുപടിഞ്ഞാറ് 170 കിലോമീറ്റര്‍ ദൂരെയാണ് ബ്രോദാന്‍ ഉദ്യാനം. ഇതിനോട് ചേര്‍ന്നാണ് ബ്രോദാന്‍ തടാകമുള്ളത്. വര്‍ഷം മുഴുവന്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന തടാകത്തില്‍ മത്സ്യങ്ങളുമുണ്ട്. പക്ഷികള്‍ വഴിയാണ് തടാകത്തില്‍ മത്സ്യങ്ങള്‍ എത്തിയതെന്നാണ് കരുതുന്നത്.