റിയാദ് – ലോകത്തെ 140 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സൗദി പൗരന്‍ അബ്ദുല്‍ അസീസ് അല്‍സലാമയെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ട്രാവല്‍ ആന്റ് ടൂറിസം ടെക്‌നോളജീസ് ആദരിച്ചു. യാത്ര, പര്യവേക്ഷണം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് സൗദി സഞ്ചാരിയായ അബ്ദുല്‍ അസീസ് അല്‍സലാമയെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2024’ പുരസ്‌കാരം നല്‍കി ആദരിച്ചത്. ട്രാവല്‍, ടൂറിസം മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റിയാദില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുകയും കൈമാറുകയും ചെയ്തത്.
ലോകമെമ്പാടുമുള്ള 140 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രചോദനാത്മകമായ ഉള്ളടക്കങ്ങളിലൂടെ ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ധാരണയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ നടത്തിയ വിശിഷ്ടമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണമാണ് ഈ അവാര്‍ഡിന് അല്‍സലാമയെ തെരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ട്രാവല്‍ ആന്റ് ടൂറിസം ടെക്‌നോളജീസ് യാത്രാ മേഖല വികസിപ്പിക്കുന്നതിലും, നൂതന പ്രോഗ്രാമുകളിലൂടെയും സംരംഭങ്ങളിലൂടെയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള സ്ഥാപനങ്ങളിലൊന്നാണ്.
ആദരിക്കപ്പെട്ടതില്‍ അബ്ദുല്‍ അസീസ് അല്‍സലാമ അഭിമാനം പ്രകടിപ്പിച്ചു. യാത്ര എന്നത് തനിക്ക് സ്ഥലങ്ങളുടെ കണ്ടെത്തല്‍ മാത്രമല്ല, മറിച്ച് വ്യത്യസ്ത ആളുകള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ ആശയവിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മിക്കാനുള്ള ഒരു മാര്‍ഗമാണ്. ആഗോള യോജിപ്പിനുള്ള മാര്‍ഗമായി കണ്ടെത്തലിന്റെയും യാത്രയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യാത്രക്കാര്‍ക്കുള്ള പങ്ക് ഈ ആദരവ് സ്ഥിരീകരിക്കുന്നതായും അബ്ദുല്‍ അസീസ് അല്‍സലാമ പറഞ്ഞു.