റിയാദ്: അല്‍അബീര്‍ മെഡിക്കല്‍ സെന്ററിന് കീഴില്‍ ന്യൂ സനാഇയ്യയില്‍ പ്രവര്‍ത്തിക്കുന്ന അബീര്‍ എക്‌സ്പ്രസില്‍ ഫോക്കസ് ഇന്റര്‍നാഷണലുമായി സഹകരിച്ച് നാളെ (വെള്ളിയാഴ്ച) സൗജന്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും വൃക്ക പരിശോധനയും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തിന് ഗുണമേന്മയുള്ള ആരോഗ്യപരിചരണം പ്രാപ്യമാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമുള്ള അബീര്‍ എക്‌സ്പ്രസിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ സംരംഭം. 1000 രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മെഡിക്കല്‍ ക്യാമ്പ് ആണ് സംഘടിപ്പിക്കുന്നത്.
എല്ലാ സ്‌പെഷ്യാലിറ്റികളിലും സൗജന്യ കണ്‍സള്‍ട്ടേഷന്‍, വൃക്ക പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, രക്തസമ്മര്‍ദ്ദം അളക്കല്‍, ബോഡി മാസ് ഇന്‍ഡക്‌സ് വിശകലനം, ഇസിജി, മെഡിക്കല്‍ അവബോധ സെഷനുകള്‍ എന്നിവ രോഗികള്‍ക്ക് ഇതോടനുബന്ധിച്ച് നടക്കും. നാളെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഒമ്പത് വരെയുമാണ് ക്യാമ്പ്. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷേമത്തെക്കുറിച്ച് വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനുമുള്ള മികച്ച അവസരമാണ് ഈ മെഡിക്കല്‍ ക്യാമ്പ്. വിശദവിവരങ്ങള്‍ക്ക് 0554801479 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്മിന്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ മര്‍സൂഖ്, റീജ്യണല്‍ ഓപറേഷന്‍സ് മാനേജര്‍ ബിജു, എക്‌സ്പ്രസ് ക്ലിനിക് ഓപറേഷന്‍സ് മാനേജര്‍ അബ്ദുല്‍ ബാസിത്, റിയാദ് മാര്‍ക്കറ്റിംഗ് ലീഡ് മന്‍ഹജ് സാലിം, ഫോകസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ നേതാക്കളായ ഷമീം വെള്ളാടത്ത്, ഐഎംകെ അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.