ജിദ്ദ – പ്രവാസിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് 30,000 റിയാല്‍ തട്ടിയെടുത്ത പട്രോള്‍ പോലീസ് ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. ഇതടക്കം സമീപ കാലത്ത് കണ്ടെത്തിയ പ്രമാദമായ 14 അഴിമതി, കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതോറിറ്റി പുറത്തുവിട്ടു. സൗദിയില്‍ നിന്ന് നാടുകടത്താന്‍ വേണ്ടി ഡീപോര്‍ട്ടേഷനില്‍ അടച്ച പ്രവാസിയെ വിട്ടയക്കുന്നതിന് ഒരു ലക്ഷം റിയാല്‍ കൈക്കൂലി ആവശ്യപ്പെടുകയും മുൻകുറായി 60,000 റിയാല്‍ കൈപ്പറ്റുകയും ചെയ്ത മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.
1.9 കോടി റിയാലിന്റെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട സൗദി പൗരന്റെ കേസ് തീര്‍പ്പാക്കുന്നതിന് പത്തു ലക്ഷം റിയാല്‍ കൈക്കൂലി ആവശ്യപ്പെടുകയും ഇതില്‍ 6,70,000 റിയാല്‍ കൈപ്പറ്റുകയും ചെയ്ത ജനറല്‍ കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ പ്രതിയായ ഇതേ കോടതിയിലെ മറ്റൊരു ജഡ്ജിയും അറസ്റ്റിലായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് ഇനത്തില്‍ നീക്കിവെച്ച തുകയില്‍ നിന്ന് 14,92,072 റിയാല്‍ രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിയെടുത്ത ഇന്‍ഡസ്ട്രിയല്‍ കോളേജ് ഉദ്യോഗസ്ഥനും നിയമ വിരുദ്ധമായി സ്ഥലത്തിന്റെ പോക്ക്‌വരവ് നടത്തുന്നതിന് 44,61,500 റിയാല്‍ കൈക്കൂലി സ്വീകരിച്ച നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനും മറ്റൊരു സൗദി പൗരനും അറസ്റ്റിലായിട്ടുണ്ട്.
ക്രിമിനല്‍ കേസ് മരവിപ്പിക്കുന്നതിന് വിദേശികളില്‍ നിന്ന് ഒരു ലക്ഷം റിയാല്‍ കൈക്കൂലി സ്വീകരിച്ച പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും സര്‍ക്കാര്‍ അതോറിറ്റിയുമായി മെയിന്റനന്‍സ് കരാര്‍ ഒപ്പുവെച്ച കമ്പനിയുമായി സബ്കരാര്‍ ഒപ്പുവെച്ച കമ്പനി ഉടമയില്‍ നിന്ന് പദ്ധതി വിഹിതമായ തുക വിതരണം ചെയ്യുന്നതിന് ഒന്നര ലക്ഷം റിയാല്‍ കൈക്കൂലി കൈപ്പറ്റിയ മെയിന്‍ കമ്പനി ഉദ്യോഗസ്ഥനും അനധികൃതമായി നേരിട്ട് പര്‍ച്ചേയ്‌സിംഗ് നടത്തുന്നതിന് വ്യാപാര സ്ഥാപനവുമായി കരാറുണ്ടാക്കി 20,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുന്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായി. വ്യവസായിക്ക് നിയമവിരുദ്ധ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മധ്യവര്‍ത്തി മുഖേന 15,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച രണ്ടു നഗരസഭാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. ഈ കേസില്‍ വ്യവസായിയും മധ്യവര്‍ത്തിയും അറസ്റ്റിലായിട്ടുണ്ട്.
സൗദി പൗരന്റെ രേഖ സാക്ഷ്യപ്പെടുത്തുന്നതിന് 800 റിയാല്‍ കൈക്കൂലി വാങ്ങിയ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനും (ഉംദ) നിയമവിരുദ്ധമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 6,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായി. സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് ആസ്ഥാനത്തു നിന്ന് ഏതാനും കംപ്യൂട്ടറുകള്‍ തട്ടിയെടുത്ത സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനെ ദേശീയ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള വിതരണ രേഖകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്ത ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ രണ്ടു ഉദ്യോഗസ്ഥരും വ്യാജ പ്രമാണം തരപ്പെടുത്താന്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ കത്ത് നഗരസഭയില്‍ നിന്ന് നേടി കോടതിക്കു സമര്‍പ്പിച്ച കേസില്‍ റോയല്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.