കോണ്‍സുലര്‍ സേവനങ്ങള്‍ വിപുലമാക്കും, തൊഴില്‍ പ്രതിസന്ധികള്‍ക്ക് ഏറെയും പരിഹാരം, കോണ്‍സുലേറ്റിനെ അറിയാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം
ജിദ്ദ: സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ എല്ലാ സി.ബി.എസ്. ഇ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അതേക്കുറിച്ച് പഠിക്കാനും അവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഗ്രൂപ്പുകളായി തിരിച്ച് കോണ്‍സുലേറ്റിലെത്തിച്ചാല്‍ കോണ്‍സുലര്‍ – വിസ – പാസ്‌പോര്‍ട്ട് – ലേബര്‍ – കള്‍ച്ചറല്‍ വിഭാഗങ്ങളിലെ കോണ്‍സല്‍മാരും മറ്റ് ജീവനക്കാരും ഏത് തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതെന്ന് നേരിട്ട് കാണുകയും സംശയനിവാരണം വരുത്തുകയും ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ‘ദ മലയാളം ന്യൂസി’ നോട് പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യാപകദിനത്തില്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുത്ത മുപ്പത് വിദ്യാര്‍ഥികളെ ആദ്യഘട്ടമെന്ന നിലയ്ക്ക് കോണ്‍സുലേറ്റില്‍ സ്വീകരിക്കുകയും വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരുമായി അവര്‍ക്ക് ആശയവിനിമയം നടത്താന്‍ സന്ദര്‍ഭമൊരുക്കുകയും ചെയ്തതായും ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 ന് നിയമിതനായ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
കോണ്‍സുലേറ്റിന്റെ അധികാരപരിധിയിലുള്ള വിവിധ സ്ഥലങ്ങളിലേക്കുള്ള കോണ്‍സുലര്‍ സംഘത്തിന്റെ യാത്രകളില്‍ നിരവധി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് വളരെ വേഗത്തില്‍ പരിഹാരം കാണാനായി. ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ലേബര്‍ പ്രശ്‌നങ്ങള്‍ക്കും ഇന്ത്യക്കാരെ ബാധിക്കുന്ന മറ്റ് അടിയന്തര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാൻ തീവ്രശ്രമം നടത്തുമെന്നും കോണ്‍സല്‍ ജനറല്‍ പദവിയില്‍ നൂറുനാള്‍ തികച്ച ആന്ധ്ര പ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ ഫഹദ് അഹമ്മദ്ഖാന്‍ സൂരി അറിയിച്ചു. നേരത്തെ കേന്ദ്ര വാണിജ്യമന്ത്രാലയത്തില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന സി.ജി, ഇന്ത്യ- സൗദി വ്യാപാരബന്ധങ്ങളിലെ ഗണ്യമായ വളര്‍ച്ചയും ഇക്കാര്യത്തിലുള്ള സൗദി വ്യവസായികളുടെ അതീവതാല്‍പര്യവും മുമ്പെന്നെത്തെക്കാള്‍ പ്രശംസനീയമാണെന്ന് പറഞ്ഞു.
സൗദിയില്‍ വന്‍ നിക്ഷേപസന്നദ്ധതയോടെ വരുന്ന ഇന്ത്യന്‍ വ്യവസായികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വന്‍കിട ഇന്ത്യന്‍ കമ്പനികളാണ് സൗദിയില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തുന്നത്. അത് പോലെ നിക്ഷേപസന്നദ്ധതയോടെ ഇന്ത്യയിലേക്ക് പോകുന്ന സൗദി വ്യവസായികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ഊര്‍ജമേഖലയിലും ഇലക്ട്രിക് വാഹനരംഗത്തും അടിസ്ഥാന വികസനമേഖലയിലുമെന്ന പോലെ സ്റ്റാര്‍ട്ടപ്, വിനോദസഞ്ചാര രംഗങ്ങളിലും ഇന്ത്യയും സൗദിയും കൈകോര്‍ക്കുന്നതിലൂടെ വമ്പിച്ച പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. രാജസ്ഥാന്‍ വ്യവസായ സഹമന്ത്രി കെ.കെ വിഷ്‌ണോയ് കഴിഞ്ഞ മാസം നടത്തിയ സൗദി സന്ദര്‍ശനത്തില്‍ സൗദി നിക്ഷേപകരുമായി കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നു. ജയ്പൂരിലെ ആഗോളനിക്ഷേപകസംഗമത്തിലേക്ക് സൗദി വ്യവസായികള്‍ക്കും ക്ഷണം ലഭിച്ചു. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വാണിജ്യപങ്കാളിയെന്ന നിലയില്‍ ( പ്രതിവര്‍ഷം 43 ബില്യണ്‍ ഡോളറിന്റെ വ്യാപാരവിനിമയം അഥവാ ഇന്ത്യയുടെ മൊത്തം വാണിജ്യത്തിന്റെ 4.5 ശതമാനം) വ്യാപാരക്കരാറുകള്‍ മേഖലയുടെ ഈ രംഗത്തെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷയെന്നും സി.ജി ചൂണ്ടിക്കാട്ടി.

ഇന്ത്യയെക്കുറിച്ചും ഇന്ത്യയുടെ കലാ – സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും അറിയുന്നതിനായി ‘ഭാരത് കോ ജാനി’ എന്ന പേരില്‍ നടത്തുന്ന ക്വിസ് മല്‍സരം, അത് പോലെയുള്ള മറ്റ് ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍, വിവിധ ഇന്ത്യന്‍ സംഘടനകള്‍ക്ക് കോണ്‍സുലേറ്റില്‍ കലാസംഗമങ്ങള്‍ക്ക് അവസരം നല്‍കല്‍ ഇവയെല്ലാം ഇന്ത്യ- സൗദി സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) കൂടി സഹകരണത്തോടെ വിപുലമായ പരിപാടികള്‍ക്ക് കോണ്‍സുലേറ്റ് ഭാവിയില്‍ ആതിഥേയത്വം വഹിക്കുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഭരണഘടനാ ദിനം, യോഗാ ദിനം, ഗുരുനാനാക് ജയന്തി, ദീവാളി, ആയുര്‍വേദ ദിനം തുടങ്ങി പ്രത്യേകദിനങ്ങളില്‍ കോണ്‍സുലേറ്റില്‍ ആഘോഷമൊരുക്കിയതും സാംസ്‌കാരികരംഗങ്ങളിലെ ഇന്ത്യന്‍ സംഭാവനയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണെന്നും സി.ജി അവകാശപ്പെട്ടു.