ജിദ്ദ- പ്രസിദ്ധ സംഗീതജ്ഞൻ എ.ആർ റഹ്മാൻ ഇക്കുറിയും ജിദ്ദ റെഡ്സീ ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കാനെത്തും. ഞായറാഴ്ച നടക്കുന്ന സംഗീത പരിപാടിയിൽ റഹ്മാൻ പങ്കെടുക്കുമെന്ന് ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റ് അധികൃതർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
സെയ്ഫ് അലി ഖാനുമൊത്ത് സിനിമ ചെയ്യാൻ താൽപര്യം-കരീന കപൂർ
ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനുമായി ഇനിയും സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്ന് ബോളിവുഡ് നടി കരീന കപൂർ. ജിദ്ദയിൽ റെഡ് സീ ഫിലിം ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു കരീന. നേരത്തെയും സെയ്ഫ് അലിഖാനുമൊത്ത് അഭിനയിച്ചിട്ടുണ്ട്. ഇനിയും സെയ്ഫിനൊപ്പം അഭിനയിക്കാനുള്ള മോഹമുണ്ടെന്നും അവർ വ്യക്തമാക്കി. സിനിമയോടുള്ള സൗദി അറേബ്യയുടെ താൽപര്യം ഏറെ സന്തോഷകരമാണ്. ഇത് രണ്ടാം തവണയാണ് റെഡ് സീ ഫിലിം ഫെസ്റ്റിൽ പങ്കെടുക്കാനായി സൗദിയിലേക്ക് വരുന്നതെന്നും അവർ പറഞ്ഞു.
കുടുംബത്തിൽനിന്ന് പൊതുവിലും സഹോദരി കരിഷ്മ കപൂറിൽനിന്നും ഭർതൃമാതാവിൽനിന്ന് പ്രത്യേകിച്ചുമുള്ള പിന്തുണയാണ് തന്റെ സിനിമാ വിജയത്തിന് കാരണമെന്നും ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായ കരീന പറഞ്ഞു. തലാഷ് ആണ് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. ആ സിനിമയിലെ വേഷം എക്കാലത്തും തനിക്ക് പ്രിയപ്പെട്ടതാണെന്നും കരീന പറഞ്ഞു.
ആമിർഖാനുമൊത്തുള്ള അഭിനയം ഏറെ ആസ്വദിച്ചു. സിനിമയിലും സിനിമക്ക് പുറത്തും അദ്ദേഹം നൽകുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് കരീന പറഞ്ഞു. പ്രോഗ്രാം ഡയറക്ടർ ഖലീം അഫ്താബ് കരീനയെ അവതരിപ്പിച്ചു.