ജിദ്ദ: സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പാ വിതരണത്തിൽ 12.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 2,883.5 ബില്യണ്‍ റിയാലാണ് ആകെ വായ്പകളായി വിവിധ ബാങ്കുകൾ വിതരണം ചെയ്തത്. മുൻവർഷം ഇത് 2,563.9 ബില്യണ്‍ റിയാലായിരുന്നു. ഒരു വര്‍ഷത്തിനിടെ 319.5 ബില്യണ്‍ റിയാലിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ആകെ വായ്പകളില്‍ 48.2 ശതമാനവും ദീര്‍ഘകാല വായ്പകളാണ്. 1,389.3 ബില്യണ്‍ റിയാൽ വരുമിത്. 36.7 ശതമാനം വായ്പകൾ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ഹ്രസ്വകാല വായ്പകളാണ്. 1,057 ബില്യണ്‍ റിയാൽ വരുമിത്. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള ഇടക്കാല വായ്പകള്‍ 15.2 ശതമാനമാണ്. 437 ബില്യണ്‍ റിയാലാണ് ഈ വായ്പകളുടെ മൂല്യം.
മൂന്നാം പാദാവസാനത്തോടെ റിയല്‍ എസ്‌റ്റേറ്റ് വായ്പകള്‍ 13.3 ശതമാനം തോതില്‍ വര്‍ധിച്ച് 846.5 ബില്യണ്‍ റിയാലായി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തില്‍ ഇത് 747.2 ബില്യണ്‍ റിയാലായിരുന്നു. റിയല്‍ എസ്റ്റേറ്റ് വായ്പകളില്‍ 77.6 ശതമാനവും വ്യക്തിഗത വായ്പകളും 22.4 ശതമാനം കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുമാണ്. വ്യക്തികള്‍ക്ക് 656.9 ബില്യണ്‍ റിയാലും കമ്പനികള്‍ക്ക് 189.6 ബില്യണ്‍ റിയാലും റിയല്‍ എസ്റ്റേറ്റ് വായ്പകളായി അനുവദിച്ചിട്ടുണ്ട്.