* ആദ്യസിനിമ ‘ ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’
* ‘സൂപ്പര്‍ബോയ്‌സ് ഓഫ് മാലെഗാവ്’ ഇന്ത്യന്‍ സംവിധായികയുടെ ചിത്രം
ജിദ്ദ: ലോക സിനിമ ഇനി ജിദ്ദയില്‍. ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന തീം അടിസ്ഥാനമാക്കി നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സ്‌ക്രീനുകള്‍ തെളിഞ്ഞു. ‘ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റ് ‘ എന്നറിയപ്പെടുന്ന ആമിര്‍ഖാന്‍, അമേരിക്കന്‍ നടന്‍ നിക്കോളാസ് കേജ് എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന ദിവസത്തെ പ്രൗഢമാക്കി. ആമിര്‍ഖാനുമായുള്ള സംവാദമായിരുന്നു ആദ്യദിവസത്തിന്റെ പ്രധാന ഹൈലൈറ്റ്. സൗദികളം ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളും ആമിര്‍ഖാനെ ആഹ്ലാദാരവങ്ങളോടെ റെഡ് സീ സൂഖിലെ ഫോറം ഹാളിലേക്ക് വരവേറ്റു. ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ ജിദ്ദ ബലദും പരിസരവും ഒരാഴ്ചക്ക് മുമ്പേ അണിഞ്ഞൊരുങ്ങിയിരുന്നു.
അര്‍ബഈന്‍ ലഗൂണിന്റെ കരയില്‍ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളിലായി 121 അന്താരാഷ്ട്ര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിയേറ്ററുകളും വിശാലമായ ഓഡിറ്റോറിയവും ഫെസ്റ്റിവല്‍ ഗാര്‍ഡനുമുള്‍ക്കൊള്ളുന്ന സാംസ്‌കാരിക ചത്വരം, സൗദിയുടെ സമ്പന്നമായ സംസ്‌കൃതിയുടെ കൊടിയടയാളമായി ഇവിടെ തയയുയര്‍ത്തി നില്‍ക്കുന്നു.
ഫെസ്റ്റിവലിലെ 16 സിനിമകള്‍ വനിതകള്‍ സംവിധാനം ചെയ്തതാണ്. ഇന്ത്യന്‍ സംവിധായിക റീമാ കാഗ്തിയുടെ സൂപ്പര്‍ ബോയ്‌സ് ഓഫ് മാലെഗോണ്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രങ്ങളിലുള്‍പ്പെടും. സംവിധായകരുമായി സംവദിക്കാനും പാനല്‍ചര്‍ച്ചകള്‍ക്കുമായി പ്രതിനിധികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഡയരക്ടര്‍ ശിവാനി പാണ്ഡ്യ മല്‍ഹോത്ര ‘ദ മലയാളം ന്യൂസിനോട്’ പറഞ്ഞു. നിയോം, അല്‍ഊല എന്നിവിടങ്ങളിലെ വന്‍ സ്റ്റുഡിയോ കോംപ്ലക്‌സുകളും സൗദിയിലെ മൊത്തം വരുന്ന 612 സിനിമാ തിയേറ്ററുകള്‍ക്കും പുറമെയാണ് റെഡ് സീ ഫെസ്റ്റിവലില്‍ പണി കഴിപ്പിച്ച പുതിയ തിയേറ്ററുകളും സിനിമാ കോംപ്ലക്‌സുകളും.
സൗദി സഹകരണത്തോടെ ഈജിപ്ഷ്യന്‍ സംവിധായകനായ കരീം ശെനാവി നിര്‍മിച്ച ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ യാണ് ഉദ്ഘാടനചിത്രം. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമുകള്‍ക്ക് 40 ശതമാനം നികുതിയിളവ് നല്‍കിയതും അല്‍ഊലയിലുള്‍പ്പെടെയുള്ള സിനിമാ ചിത്രീകരണങ്ങള്‍ക്ക് സബ്‌സിഡി അനുവദിച്ചതും സൗദിയുടെ സിനിമാസംസ്‌കാരത്തിന്റെ മാറുന്ന മുഖമായി വിശേഷിപ്പിക്കപ്പെടുന്നു. ഈ രംഗത്തേക്ക് വരുന്ന യുവപ്രതിഭകള്‍ക്ക് വലിയ പ്രോല്‍സാഹനമാണ് ഈ രാജ്യം നല്‍കുന്നത് – ശിവാനി പാണ്ഡ്യ പറഞ്ഞു. സാങ്കേതികമായി സിനിമ പഠിപ്പിക്കാനായി റെഡ് സീ ലാബ്‌സ് എന്നൊരു സ്ഥാപനവും നിലവില്‍ വന്നു. 2023 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൗദി സംവിധായകന്‍ തൗഫീഖ് അല്‍ സെയ്ദിയുടെ ‘നോറ ‘, പ്രദര്‍ശനത്തിനെത്തിയ അറബ്
ക്ലാസിക്കുകളിലുള്‍പ്പെടും.
മാറുന്ന സൗദിയുടെ മായികഭാവങ്ങളത്രയും ഒപ്പിയെടുക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള, അറേബ്യന്‍ സംസ്‌കൃതിയുടെ സമ്പന്നമായ ഈടുവയ്പിലേയ്‌ക്കൊരു പുറംവാതില്‍ക്കാഴ്ചയായിരിക്കും. ഇനിയുള്ള പത്ത് പകലിരവുകള്‍ സൗദികളും വിദേശികളുമായ പതിനായിരങ്ങള്‍ക്ക് ദൃശ്യവൈവിധ്യത്തിന്റെ വര്‍ണ വിരുന്നായിരിക്കുമെന്നുറപ്പ്.