തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കിളിമാനൂരിൽ പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു. കിളിമാനൂർ സ്വദേശി ബിജു (40) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 17ന് രാത്രിയാണ് കൊല്ലം മടത്തറ സ്വദേശി രാജീവ് പെൺകുട്ടിയുടെ അച്ഛൻ ബിജുവിനെ ആക്രമിച്ചത്. ബിജുവിന്റെ വീട്ടിലെത്തി പ്രതി വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത മകളെ ഇപ്പോൾ വിവാഹം നടത്താനാകില്ലെന്ന് അച്ഛൻ അറിയിച്ചു.
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ യുവാവ് പെൺകുട്ടിയുടെ അച്ഛനെ ക്രൂരമായി അടിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ചാണ് തലയ്ക്ക് അടിച്ചത്.
ബിജുവിനെ ഗുരുതര പരുക്കുകളോടെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്കുശേഷം മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി രാജീവ് റിമാൻഡിലാണെന്ന് പോലീസ് പറഞ്ഞു.