കോഴിക്കോട്: എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് – മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഗ്രന്ഥകാരനും ചരിത്രകാരനുമായ എം.സി വടകര (എം.സി ഇബ്‌റാഹീം) പങ്കെടുത്തത്.
പാർട്ടി പ്രവർത്തകർക്ക് ചരിത്രം പറഞ്ഞും പഠിപ്പിച്ചും രംഗത്തുള്ള എം.സി വടകരയെ പോലെ ഒരു മുതിർന്ന നേതാവ് തന്നെ എസ്.ഡി.പി.ഐ വേദിയിൽ പ്രസംഗിച്ചത് പാർട്ടിക്കകത്തും പുറത്തും വിവാദമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇതേച്ചൊല്ലി ചർച്ച കൊഴുക്കുകയാണ്.
എം.സി വടകരയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലീഗ് നേതാവിന്റെ നടപടി എസ്.ഡി.പി.ഐയുമായുള്ള ലീഗിന്റെ കൂട്ടുകെട്ടിന്റെ ചെറിയൊരു സാമ്പ്ൾ മാത്രമാണെന്നാണ് സി.പി.എമ്മിന്റെ വിമർശം. എസ്.ഡി.പി.ഐ-ലീഗ് ബന്ധം ഇപ്പോൾ മനസ്സിലായില്ലേ എന്നാണ് ബി.ജെ.പിക്കാർ ചോദിക്കുന്നത്.
എന്നാൽ, കോൺഗ്രസ് പ്രവർത്തകരോ നേതാക്കളോ ആരും എസ്.ഡി.പി.ഐ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും വിഷയത്തിൽ ലീഗ് നേതൃത്വം ഉചിതമായ തീരുമാനമെക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. ഇതോടെ, എസ്.ഡി.പി.ഐ പരസ്യമായി തള്ളിപ്പറഞ്ഞ് ലീഗ് അണികൾ രംഗത്തുവന്നിരിക്കുകയാണ്.
ഇനി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് ലീഗ് പ്രവർത്തകർ. മനപ്പൂർവ്വം ഇത്തരമൊരു പരിപാടിയിൽ എം.സി വടകര പങ്കെടുക്കില്ലെന്നും എന്തെങ്കിലും ചതിവേലയിലൂടെയാവും അദ്ദേഹം പരിപാടിയിൽ പങ്കെടുത്തതെന്നുമാണ് പല ലീഗ് പ്രവർത്തകരും കരുതുന്നത്.
സംഭവം വിവാദമായതോടെ എസ്.ഡി.പി.ഐ എന്ന പേരിലല്ല, വഖഫ് മദ്രസ സംരക്ഷണ സമിതി എന്ന പേരിലാണ് തന്നെ പരിപാടിക്ക് ക്ഷണിച്ചതെന്നും അതിനാലാണ് പങ്കെടുത്തതെന്നുമാണ് എം.സി വടകര പറയുന്നത്. എന്നാൽ, സ്റ്റേജിലുയർത്തിയ കൊടി സഹിതമുള്ള ബാനറിൽ എസ്.ഡി.പി.ഐ സെമിനാർ എന്ന് പ്രത്യേകം കാണിച്ചിട്ടും ഇദ്ദേഹം ഇതൊന്നും കണ്ടില്ലേയെന്ന് വിമർശകർ ചോദിക്കുന്നു. പ്രശ്‌നത്തിൽ ലീഗ് നേതൃത്വം ഇതുവരെയും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ആർ.എസ്.എസിന്റെ മുസ്‌ലിം പതിപ്പുകളായ എസ്.ഡി.പി.ഐ പോലുള്ള സംഘടനകളെ ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിനും യു.ഡി.എഫിനുമെതിരേ സി.പി.എം അടക്കം രൂക്ഷമായ വിമർശങ്ങൾ ഉയർത്തുന്നതിനിടെയാണ് എസ്.ഡി.പി.ഐ സംഘാടകരുടെ വലയിൽ പോയി ലീഗ് നേതാവ് വീണത്. രാഷ്ട്രീയപരമായും സംഘടനാപരമായും ലീഗിന് ഇത്തരം തീവ്ര ധാരകളോട് തരിമ്പും യോജിപ്പില്ലെങ്കിലും വീണുകിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സി.പി.എമ്മും സംഘപരിവാർ കേന്ദ്രങ്ങളും.