(കരുനാഗപ്പള്ളി) കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ സി.പി.എം കമ്മിറ്റി പിരിച്ചുവിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ സമ്മേളനങ്ങൾ അലങ്കേലപ്പെടുത്തിയതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിന്റെ നടപടി. അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതലയെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കരുനാഗപ്പള്ളിയിലുയർന്ന സംഘടനാപരമായ പ്രശ്‌നങ്ങളുൾപ്പടെയുള്ളവയിൽ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും ചർച്ച ചെയ്ത് ആവശ്യമായ നിലപാട് തീരുമാനിക്കുമെന്ന് ഇന്നലെ തന്നെ സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഏരിയാ കമ്മിറ്റിയുടെ പരിധിയിലുള്ള വിവിധ ലോക്കൽ സമ്മേളനങ്ങൾ ശരിയാംവിധം നടത്താനാവാത്തതും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ടതും ലൈംഗിക പീഡന പരാതിയിൽ നടപടി ഇല്ലാതെ വന്നതടക്കമുള്ള വിവിധങ്ങളായ പ്രശ്‌നങ്ങളാണ് ഇവിടെ പുകയുന്നത്.