തിരുവനന്തപുരം: സി.പി.എമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടതായി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിബിൻ സി ബാബു. സി പി എം വർഗീയ ശക്തികളുടെ കയ്യിലാണ്. ആലപ്പുഴയിൽ വർഗീയ നിലപാടുള്ളവർ സി പി എമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്നും ബി.ജെ.പി അഖിലേന്ത്യാ ജനറൽസെക്രട്ടറിയിൽനിന്നും അംഗത്വം സ്വീകരിച്ച ബിബിൻ സി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും. പദവികൾ നോക്കിയല്ല ബി.ജെ.പിയിൽ ചേർന്നത്. അതൊക്കെ വന്നുചേരുന്നതാണ്. കുട്ടിക്കാലം മുതൽ പൊതുപ്രവർത്തന രംഗത്തുണ്ട്. ആലപ്പുഴയിൽ ജി സുധാകരൻ പോലും ഇപ്പോൾ ദയനീയ സ്ഥിതിയിലാണ്. ഒരു വിഭാഗത്തിന്റെ കൈയിലാണ് പാർട്ടി.
ഇനി പാർട്ടിക്കു ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല. ആലപ്പുഴയിൽ ആയിരക്കണക്കിനു പേർ പാർട്ടി വിട്ടുപോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളനകാലം കഴിയുമ്പോൾ എല്ലാവർക്കും അതു ബോധ്യപ്പെടും. വർഗീയ ശക്തികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതിന്റെ ഭാഗമാണ് ജി സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്കിയിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതുകുളം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പാർട്ടി മുൻ ഏരിയാ കമ്മിറ്റി അംഗവുമായ ബിപിൻ സി ബാബു പറഞ്ഞു.
എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി സംഘടനയിൽ വിവിധ പദവികൾ വഹിച്ച ബിപിൻ സി ബാബു പാർട്ടിയിൽ നേരത്തെ അച്ചടക്ക നടപടി നേരിട്ട ആളാണ്. 2023-ൽ ഭാര്യയുടെ പരാതിയിൽ ആറ് മാസത്തേക്കു സസ്‌പെൻഷനിലായ ബിപിനെ പിന്നീട് പാർട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.