സൂറിച്ച്: ഏറ്റവും പുതിയ ഫിഫ ദി ബെസ്റ്റ് പട്ടിക പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ഞെട്ടി കാരണം ഫിഫയുടെ പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി അപ്രതീക്ഷിതമായി ഉള്‍പ്പെട്ടതാണ് അമ്പരപ്പിച്ചത്. മികച്ച മുന്നേറ്റ താരങ്ങളുടെ പുരസ്‌കാര പട്ടികയിലും മെസിയുടെ പേരുണ്ട്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ രണ്ട് തട്ടിലായി ചര്‍ച്ചയും തുടങ്ങി.2025 ജനുവരിയിലാണ് ഫിഫ ദി ബെസ്റ്റ് വിജയികളെ പ്രഖ്യാപിക്കുക. ഈ പട്ടികയിലാണ് മെസ്സി ഇടം പിടിച്ചിരിക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം, റയലിന്റെ സ്പാനിഷ് താരം ഡാനി കാര്‍വഹാല്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ മുന്നേറ്റക്കാരന്‍ എര്‍ലിങ് ഹാളണ്ട്, വിരമിച്ച ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസ്, റയലിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, റയലിന്റെ ഉറുഗ്വെ താരം വാല്‍വര്‍ഡെ, റയലിന്റെ തന്നെ ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍, ബയര്‍ ലെവര്‍കൂസന്റെ ജര്‍മന്‍ യുവ താരം ഫ്ളോറിയന്‍ വിയറ്റ്സ്, ബാഴ്സലോണയുടെ സ്പാനിഷ് യുവ താരം ലമിന്‍ യമാല്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ക്കൊപ്പമാണ് മെസിയുടെ പേരുമുള്ളത്.
നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിയ്ക്കായാണ് മെസ്സി കളിക്കുന്നത്. ക്ലബ്ബ് തല പ്രകടനമാണ് താരത്തെ പട്ടികയില്‍ എത്തിച്ചത്. എന്നാല്‍ യൂറോപ്പ്യന്‍ ലീഗുകളുടെ നിലവാരമില്ലാത്ത മേജര്‍ ലീഗ് സോക്കറില്‍ നിന്ന് മെസ്സിയെ എന്തിന് ഉള്‍പ്പെടുത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം.