ജിദ്ദ – ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മില്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ബെയ്‌റൂത്ത് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റോയല്‍ ജോര്‍ദാനിയനും എത്യോപ്യന്‍ എയര്‍ലൈന്‍സും അറിയിച്ചു. എന്നാല്‍, മിക്ക ഗള്‍ഫ്, യൂറോപ്യന്‍ വിമാന കമ്പനികളും വെടിനിര്‍ത്തല്‍ കരാറിന്റെ സ്ഥിരത നിരീക്ഷിക്കുന്നതിനാല്‍ ലെബനോന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീട്ടിവെക്കുകയാണ്.
ജോര്‍ദാന്റെ ദേശീയ വിമാന കമ്പനിയായ റോയല്‍ ജോര്‍ദാനിയന്‍ ഓഗസ്റ്റ് അവസാനത്തോടെയാണ് ബെയ്‌റൂത്ത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. അടുത്ത ഞായറാഴ്ച മുതല്‍ ബെയ്റൂത്ത് റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കമ്പനി സി.ഇ.ഒ സാമിര്‍ മജാലി സ്ഥിരീകരിച്ചു.
എത്യോപ്യന്‍ എയര്‍ലൈന്‍സ് ബെയ്റൂത്ത് സര്‍വീസ് ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 ന് ബെയ്‌റൂത്ത് സര്‍വീസുകള്‍ കമ്പനി പുനരാരംഭിക്കും. ബെയ്‌റൂത്ത് സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ മിക്ക അന്താരാഷ്ട്ര വിമാന കമ്പനികളും ജാഗ്രത പാലിക്കുകയാണ്. അറബ്, വിദേശ വിമാനക്കമ്പനികള്‍ വരും ആഴ്ചകളില്‍ ക്രമേണ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്റൂത്ത് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഫാദി അല്‍ഹസന്‍ പറഞ്ഞു. വിദേശ വിമാന കമ്പനികളുടെ ലെബനോനിലേക്കുള്ള തിരിച്ചുവരവ് സാവധാനത്തിലായിരിക്കുമെന്ന് കരുതുന്നതായി ലെബനോനിലെ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസ്റ്റ് ഏജന്റ്‌സ് പ്രസിഡന്റ് ജീന്‍ അബൂദ് പറഞ്ഞു. ഏകദേശം 60 വിമാന കമ്പനികളില്‍ ഏഴോ എട്ടോ കമ്പനികള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബെയ്‌റൂത്ത് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജീന്‍ അബൂദ് പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷാരംഭത്തോടെ സര്‍വീസ് പുനരാരംഭിക്കാന്‍ പല വിമാന കമ്പനികളും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ ഏറ്റും പ്രധാനപ്പെട്ട വിമാന കമ്പനിയായ എമിറേറ്റ്‌സ് ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ റദ്ദാക്കിയിട്ടുണ്ട്. ഇത്തിഹാദ് എയര്‍വെയ്‌സ്, സൗദിയ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവ ബയ്‌റൂത്ത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് 2025 ജനുവരി ആദ്യം വരെ നീട്ടിയിട്ടുണ്ട്. യൂറോവിംഗ്സ് ഉള്‍പ്പെടെ ലുഫ്താന്‍സ ഗ്രൂപ്പ് ബെയ്റൂത്ത് സര്‍വീസ് 2025 ഫെബ്രുവരി 28 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. എയര്‍ ഫ്രാന്‍സ്-കെ.എല്‍.എം ബെയ്‌റൂത്തിലേക്കുള്ള സര്‍വീസുകള്‍ 2025 ജനുവരി 5 വരെയും തെല്‍അവീവ് സര്‍വീസുകള്‍ 2024 ഡിസംബര്‍ 31 വരെയും നിര്‍ത്തിവച്ചിട്ടുണ്ട്. ഏഥന്‍സ്, ലണ്ടന്‍, മിലാന്‍ എന്നിവിടങ്ങളില്‍ നിന്ന് ബെയ്‌റൂത്തിലേക്കുള്ള സര്‍വീസുകള്‍ ഈജിയന്‍ എയര്‍ 2025 ഏപ്രില്‍ ഒന്നു വരെ നിര്‍ത്തിവച്ചിട്ടുണ്ട്.
നിലവില്‍, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് മാത്രമാണ് ബെയ്റൂത്തിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്നത്. ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപം ശക്തമായ ഇസ്രായിലി വ്യോമാക്രമണങ്ങള്‍ക്കിടയിലും മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് നിലനിര്‍ത്തിയിരുന്നു. എല്ലാ പ്രധാന ഗള്‍ഫ്, യൂറോപ്യന്‍ നഗരങ്ങളിലേക്കും മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ലെബനീസ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തിരക്കുകൂട്ടുന്നതിനാല്‍ വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ് സീസണ്‍ ഡിമാന്റില്‍ കുതിച്ചുചാട്ടത്തിന് കാരണമായി. വ്യാപകമായ നാശത്തിലും വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് ഉഴലുന്ന ഒരു രാജ്യത്തിന് ഇത് പ്രതീക്ഷയുടെ തിളക്കം പ്രദാനം ചെയ്യുന്നു.
യുദ്ധം ലെബനോന്റെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചതിനാല്‍ തകര്‍ച്ചയിലായ സമ്പദ്വ്യവസ്ഥക്ക് അവധിക്കാലം ഉത്തേജനം പ്രദാനം ചെയ്യും. എന്നാല്‍ അധിക വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ, മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം സ്ഥിരത കൈവരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും.