ന്യൂദൽഹി: ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സമാധാനവും ഐക്യവുമാണ് വേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സംഭാലിലെ ഷാഹി ഈദ്ഗാ മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റിയോട് നിർദേശിക്കുകയും ചെയ്തു. ഈ സ്ഥലത്ത് നേരത്തെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ഹിന്ദു ഹരജിക്കാരുടെ അവകാശവാദത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിയിൽ സർവേ നടത്തിയിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിൽ നാലു മുസ്ലിംകൾ കൊല്ലപ്പെടുകയും ചെയ്തു.
ജുമാ മസ്ജിദിന് എതിരായ കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നത് വരെ കേസിൽ തുടർനടപടികൾ പാടില്ലെന്ന് സുപ്രീം കോടതി വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു.
അഭിഭാഷക കമ്മീഷണറുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നും അതിനിടയിൽ തുറക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. സമാധാനവും ഐക്യവും ഉറപ്പാക്കണം. ഒന്നും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തികച്ചും നിഷ്പക്ഷരായിരിക്കുകയും അനിഷ്ടകരമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം-ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ജനുവരി എട്ടിനാണ് കേസ് വിചാരണക്കോടതി പരിഗണിക്കുക. ഇതിന് മുമ്പായി തുടർനടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾക്ക് നോട്ടീസ് നൽകാതെ സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ തിടുക്കപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചതായി മസ്ജിദ് മാനേജ്‌മെൻ്റ് വാദിച്ചു. 1991 ലെ ആരാധനാലയ നിയമം കോടതി പരിഗണിച്ചില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിച്ച പതിനാറാം നൂറ്റാണ്ടിലെ സ്മാരകമാണ് പള്ളിയെന്നും ഹരജിക്കാർ പറഞ്ഞു.
മസ്ജിദുകളിൽ അവകാശവാദങ്ങൾ ഉന്നയിക്കുകയും തുടർന്ന് സർവേക്ക് ഉത്തരവിടുകയും ചെയ്യുന്ന പ്രവണത കൂടി വരുന്നതായി മസ്ജിദ് കമ്മിറ്റി പറഞ്ഞു. ഇത്തരം ഉത്തരവുകൾ പതിവായി പാസാക്കുന്നത് വർഗീയ വികാരങ്ങൾ ആളിക്കത്തിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിൻ്റെ മതേതര ഘടനയെ തകർക്കാനുമുള്ള പ്രവണതയുണ്ടാക്കുമെന്നും ഹർജിക്കാരൻ പറഞ്ഞു.