ആന്‍ഫീല്‍ഡ്: യുവേഫാ ചാംപ്യന്‍സ് ലീഗിലെ റയലിന്റെ ആധിപത്യത്തിന് ഇത്തവണ കോട്ടം തട്ടി തുടങ്ങി. ഇന്നലെ ലിവര്‍പൂളിനെ നേരിട്ട റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന്റെ പരാജയം വരിച്ചു. റയലിന്റെ ഈ സീസണിലെ ചാംപ്യന്‍സ് ലീഗിലെ മൂന്നാം തോല്‍വിയാണിത്. തോല്‍വിയോടെ റയലിന്റെ അടുത്ത റൗണ്ട് സാധ്യത പരുങ്ങലില്‍ ആണ്. ലീഗില്‍ റയല്‍ 24ാം സ്ഥാനത്താണ്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് തന്നെയായിരുന്നു മേല്‍ക്കോയ്്മ.
അലക്‌സ് മാക്ക് അലിസ്റ്റര്‍, ഗാക്ക്‌പോ എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ മികച്ച ജയം സ്വന്തമാക്കിയത്. 52, 76 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. വന്‍ താരനിരയുമായി വന്ന റയലിന് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കും തിളങ്ങാനായില്ല. പുതിയ കോച്ച് അര്‍നെ സ്ലോട്ടിന് കീഴില്‍ ലിവര്‍പൂള്‍ കുതിക്കുകയാണ്. പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലും ലിവര്‍പൂള്‍ ഒന്നാമതാണ്.
ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ എട്ട് തവണ ഏറ്റുമുട്ടിയപ്പോഴും ലിവര്‍പൂളിന് റയലിനെ പരാജയപ്പെടുത്താന്‍ ആയിരുന്നില്ല.ഈ പേരുദോഷമാണ് ആന്‍ഫീല്‍ഡില്‍ ഇന്ന് ചെമ്പട അവസാനിപ്പിച്ചത്. രണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലുകളില്‍ ലിവര്‍പൂള്‍ റയലിനോട് അടിയറവ് പറഞ്ഞിരുന്നു.
പോയിന്റ് നിലയില്‍ അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, അറ്റ്‌ലാന്റ്, ബയേണ്‍ ലെവര്‍കൂസന്‍, ആഴ്‌സണല്‍, മൊണാക്കോ, ആസ്റ്റണ്‍ വില്ല, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മാ്ഞ്ചസ്റ്റര്‍ സിറ്റി 17ാം സ്ഥാനത്തും പിഎസ്ജി 25ാം സ്ഥാനത്തുമാണ്.