റിയാദ് – സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുകുന്നതായി റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫറന്‍സില്‍ നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ദീര്‍ഘകാല സമയക്രമത്തോടെയുള്ള, തലമുറകള്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് നിയോം. പദ്ധതിയില്‍ ക്രമാനുഗതമായി വിദേശ നിക്ഷേപം വര്‍ധിക്കും. രണ്ടു വര്‍ഷത്തേക്കുള്ള ഒരു നിക്ഷേപ അവസരമായി മാറുകയല്ല നിയോമിന്റെ ലക്ഷ്യം. രണ്ടോ മൂന്നോ അഞ്ചോ വര്‍ഷത്തേക്കുള്ള ഒരു വിദേശ നിക്ഷേപ പദ്ധതിയായി നിയോം മാറുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് അബദ്ധമാണ്. തലമുറകള്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് നിയോം.
നിയോമില്‍ വികസന ചക്രം തിരിയാന്‍ തുടങ്ങിയിരിക്കുന്നു. മുന്നോട്ട് പോകുന്തോറും ചില അടിസ്ഥാന ആസ്തികള്‍ വിപണിയില്‍ എത്തുന്നതോടെയും പദ്ധതിക്ക് വേഗത കൈവരിക്കും. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനുള്ള സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യ വികസന പദ്ധതികളില്‍ നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തും.
ചെങ്കടലിന് അഭിമുഖമായ നിയോം ഏകദേശം ബെല്‍ജിയത്തിന്റെ വലിപ്പമുള്ള ഒരു വലിയ നഗര, വ്യാവസായിക പദ്ധതിയാണ്. ഇവിടെ ഏകദേശം 90 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
നിയോം പദ്ധതി സൗദി വിഷന്‍ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. വിദേശ നിക്ഷേപകര്‍ നിയോമിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നടപ്പാക്കുന്ന ചില പദ്ധതികള്‍ക്ക് ആഗോള മൂലധന ഫണ്ടുകള്‍ വഴിയും ചില ബദല്‍, സ്വകാര്യ മൂലധനം വഴിയും ധനസഹായം ലഭിക്കും. ഇതാണിപ്പോള്‍ സംഭവിക്കുന്നത്. അതിനാല്‍ 100 ശതമാനം പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലുള്ള ഒരു പദ്ധതിയെന്നോണവും തുടര്‍ന്ന് സ്ഥിതിഗതികള്‍ പെട്ടെന്ന് മാറുകയും ഒരു സ്വകാര്യ കമ്പനിയായി മാറുകയും ചെയ്യുന്ന പദ്ധതിയെന്നോണവും നിയോമിനെ നോക്കിക്കാണരുത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദേശ നിക്ഷേപകരും തമ്മിലുള്ള കൂടുതല്‍ സംയുക്ത നിക്ഷേപ ഇടപാടുകള്‍ക്ക് രാജ്യം അടുത്തിടെ സാക്ഷ്യം വഹിച്ചു.
സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു പുറമേ വിദേശ മൂലധനവും പ്രയോജനപ്പെടുത്തുക എന്നത് എക്കാലവും ഗവണ്‍മെന്റിന്റെ ലക്ഷ്യമാണ്. സൗദിയിലെ നിക്ഷേപാവസരങ്ങളുടെ ലാഭക്ഷമതയില്‍ ഇപ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് വിശ്വാസമുണ്ടെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.