മലപ്പുറം- ഓർമ്മകളുടെ തിരുമുറ്റത്തേക്ക് ഒരിക്കൽ കൂടി ആ പഴയ പച്ചക്കാർ ഗെയ്റ്റും കടന്നെത്തി. പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽനിന്ന് കേരളം മുഴുക്കെ ഓടിനടന്ന അതേ പച്ചക്കാർ. മുസ്ലിം ലീഗിന്റെയും കേരളത്തിന്റെയും ചരിത്രത്തിലേക്ക് നിർത്താതെ ഓടിയിരുന്ന കാർ വീണ്ടും അതിന്റെ പഴയ നായകന്റെ പടിവാതിൽക്കലെത്തി. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വർഷങ്ങളോളം ഉപയോഗിച്ചിരുന്ന അതേ കാർ. കേരളം ഏറ്റവും സങ്കീർണ്ണമായ രാഷ്ട്രീയനാളുകളിൽ മുഴുകിയ വേളയിൽ ശിഹാബ് തങ്ങളെയുമായി കേരളം മുഴുക്കെ സഞ്ചരിച്ചത് ഈ കാറായിരുന്നു. സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായ നാളുകളിൽ, ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ ശിഹാബ് തങ്ങളെയുമായി കേരളം ചുറ്റിയ അംബാസിഡർ കാർ. കെ.എൽ.എം 2333. നാലു പതിറ്റാണ്ടിന് ശേഷം വീണ്ടും കൊടപ്പനക്കൽ തറവാട്ടിലെത്തി.
ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ 1977-ൽ വാങ്ങിയ കാറായിരുന്നു ഇത്. അഞ്ചു വർഷത്തോളം ഉപയോഗിച്ച ശേഷം ശിഹാബ് തങ്ങൾ തന്റെ സുഹൃത്തായ കോഴിച്ചെന കുഞ്ഞുഹാജിക്ക് കാർ കൈമാറി. പിന്നീട് അദ്ദേഹത്തിന്റെ മക്കളായിരുന്നു കാർ ഉപയോഗിച്ചിരുന്നത്.
വ്യവസായ പ്രമുഖനായ ഹനീഫ അടക്കമുള്ള കുഞ്ഞുഹാജിയുടെ മക്കൾക്ക് കാറിനോട് വല്ലാത്ത പ്രിയമായിരുന്നു. കാർ തിരികെ ലഭിക്കുമോ എന്നറിയാൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ മക്കൾ ഹനീഫയോട് ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്നു. ശിഹാബ് തങ്ങൾ ഉപയോഗിച്ച കാറിനോടുള്ള മുഹബ്ബത്ത് കാരണം അവർക്കും കാർ കൈമാറുന്നതിന് വിഷമം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാർ കൊടപ്പനക്കൽ കുടുംബത്തിന് കൈമാറി.
ജീവിതത്തിലെ ഏതുവലിയ ഓർമ്മകളേക്കാളും വലുതാണ് ഇതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. എന്റെ അതേ വയസാണ് ഈ കാറിന്. കുട്ടിക്കാലത്ത് ഉപ്പയോടൊപ്പം ഈ കാറിന്റെ പിൻസീറ്റിലിരുന്നു യാത്ര ചെയ്തതിന്റെ ഓർമകൾ ഇപ്പോഴുമുണ്ട്. കാർ തിരികെ ലഭിച്ചത് ഏറ്റവും വലിയ സന്തോഷമാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇനിയൊരിക്കലും വിട്ടുപോകാതെ ഈ കാർ കൊടപ്പനക്കൽ തറവാട്ടിൽ തന്നെയുണ്ടാകും. മുസ്ലിം ലീഗിന്റെയും കേരളത്തിന്റെയും ചരിത്രത്തിലൂടെ സഞ്ചരിച്ച കാർ വീണ്ടും അതേ ചരിത്രത്തിൽ തന്നെ തൊട്ടിരിക്കുന്നു.