ജിദ്ദ – പൊതുവിദ്യാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ വിലക്ക് ശക്തമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. വിലക്ക് നടപ്പാക്കാന്‍ മൂന്നു മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പഠനത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ ശ്രദ്ധതിരിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും മുക്തമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നത് ഉറപ്പുവരുത്താനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ ഗൈഡില്‍ മന്ത്രാലയം വ്യക്തമാക്കി. സ്‌കൂള്‍ സമയം മുഴുവന്‍, ക്ലാസ് മുറിക്കകത്തായാലും പുറത്തായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നയം ഓരോ സ്‌കൂളും അംഗീകരിക്കല്‍ നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ മാതാപിതാക്കളുമായി ആശയവിനിമയം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്തണം.
ദുരുപയോഗം തടയാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായി വിലക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്കുള്ള കാര്യവും ഇത് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകളും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പരസ്യപ്പെടുത്തണം. സ്‌കൂളിലെത്തുന്നതിനു മുമ്പും സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ആവശ്യമാണെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന് തോന്നുന്ന പക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഫോണുകള്‍ കൈമാറുന്ന രീതിയും നടപ്പാക്കാവുന്നതാണ്. സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏല്‍പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അധ്യയന ദിവസത്തിന്റെ അവസാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ തിരിച്ചുനല്‍കുകയാണ് ചെയ്യേണ്ടത്. ഒരു വിദ്യാര്‍ഥിയുടെ പക്കല്‍ ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ ഇല്ലെന്നും ഉറപ്പുവരുത്തണം.
വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ ലോക്കറുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയും നടപ്പാക്കാവുന്നതാണ്. പിന്‍ നമ്പര്‍ നല്‍കി ഓരോ വിദ്യാര്‍ഥിയുടെയും ലോക്കറും സുരക്ഷിതമാക്കണം. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന ലോക്കറുകള്‍ സ്‌കൂളിനകത്ത് എളുപ്പത്തില്‍ കാണുന്ന സ്ഥലത്തായിരിക്കണം സ്ഥാപിക്കേണ്ടത്. അധ്യയന ദിവസാരംഭത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ലോക്കറുകളില്‍ മൊബൈലുകള്‍ സൂക്ഷിക്കണം. അധ്യയന ദിവസം അവസാനിച്ച ശേഷമല്ലാതെ ലോക്കറുകളില്‍ നിന്ന് മൊബൈലുകള്‍ എടുക്കാന്‍ പാടില്ല.
വൈകല്യമുള്ള വിദ്യാര്‍ഥികള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്ള വിദ്യാര്‍ഥികള്‍ പോലെ വ്യക്തിഗത സാഹചര്യങ്ങള്‍ക്കനുസരിച്ച് ചില വിദ്യാര്‍ഥികളുടെ കേസുകള്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ വിലയിരുത്തുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്ന നയത്തില്‍ നിന്ന് അവരെ ഒഴിവാക്കാനുള്ള സാധ്യത പഠിക്കുകയും വേണം. മൊബൈല്‍ ഫോണുകള്‍ ദുരുപയോഗിക്കുന്ന പക്ഷം ഇത്തരം ഇളവുകളുള്ളവരും ശിക്ഷകളില്‍ നിന്ന് ഒഴിവാകില്ല എന്ന കാര്യം പ്രത്യേകം വ്യക്തമാക്കണം. അധ്യയന സമയത്തിന് പുറത്ത് നടത്തുന്ന ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, ടൂറുകള്‍ പോലുള്ള ആക്ടിവിറ്റികളില്‍ പങ്കെടുക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ സ്‌കൂളുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.