മനാമ: ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്കൂള്‍ (എന്‍.എം.എസ്) വാര്‍ഷികാഘോഷം കലാപരിപാടികളുടെ അവതരണശൈലി കൊണ്ടും വ്യത്യസ്തതയാലും ശ്രദ്ധേയമായി. ‘ഡിസ്നി വണ്ടേഴ്സ് @ എന്‍എംഎസ്’ എന്ന പ്രമേയത്തില്‍ ആസൂത്രണം ചെയ്ത പരിപാടി ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തി. സംഗീതം, നൃത്തം, നാടകം എന്നിവയുടെ തിളക്കമാര്‍ന്ന അവതരണത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രശംസാര്‍ഹരായി. ദയയുടെയും അനുകമ്പയുടെയും 4 ക്ലാസിക് ഡിസ്നി കഥകള്‍ അത്യന്തം ആസ്വാദ്യകരമായി. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികള്‍, വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും സന്നിഹിതരായിരുന്നു. ബഹ്റൈന്‍, ഇന്ത്യന്‍ ദേശീയഗാനവും തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. ചെയര്‍മാന്‍ ഡോ. രവി പിള്ള, മറ്റ് വിശിഷ്ടാതിഥികള്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ അകമ്പടിയോടെ വിശിഷ്ടാതിഥികള്‍ നിലവിളക്ക് കൊളുത്തി. സ്കൂള്‍ ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവര്‍ ചേര്‍ന്ന് സ്വാഗത പ്രസംഗം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ കുമാര്‍ ശര്‍മ, സ്കൂള്‍ കൈവരിച്ച പ്രശംസനീയമായ നാഴികക്കല്ലുകള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമ്മാന വിതരണ ചടങ്ങില്‍, സ്കൂളില്‍ ഇരുപത്, പതിനഞ്ച്, പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സ്റ്റാഫിനും കഴിഞ്ഞ സെഷനില്‍ 100% ഹാജര്‍ നേടിയവര്‍ക്കും അതിഥികള്‍ മെമന്‍റോ സമ്മാനിച്ചു. സ്കൂളിന് തുടര്‍ച്ചയായി പിന്തുണ നല്‍കിയതിന് രക്ഷാകര്‍തൃ സമൂഹത്തിലെ അംഗങ്ങള്‍ക്ക് പ്രത്യേക സ്മരണിക സമ്മാനിച്ചു. ഹൃദ്യമായ സ്വാഗതഗാനത്തോടെ സാംസ്കാരിക പരിപാടി ആരംഭിച്ചു. തുടര്‍ന്ന് ശ്രുതിമധുരമായ വാദ്യോപകരണ അവതരണവും സ്നോ വൈറ്റ് ആന്‍ഡ് ദ സെവന്‍ ഡാര്‍ഫ്സ്, ഫ്രോസന്‍, ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്സ് ആന്‍ഡ് അല്ലാദിന്‍ നാടകങ്ങളുടെ ഗംഭീര നാടകീയവല്‍ക്കരണവും നടന്നു. ക്ലാസിക് പരിപാടി അവതരിപ്പിച്ചതിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാനേജ്മെന്‍റിനെയും അതിഥികള്‍ അഭിനന്ദിച്ചു. അക്കാദമിക, പാഠ്യപദ്ധതി മേഖലകളില്‍ സ്കൂള്‍ നേടിയ പ്രശംസനീയമായ വിജയത്തെ സ്കൂള്‍ ചെയര്‍മാന്‍ ഡോ. രവി പിള്ള പ്രശംസിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി ആശംസിക്കുകയും ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ കുമാര്‍ ശര്‍മ്മ തന്‍റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ നേട്ടങ്ങള്‍ എടുത്തുപറയുകയും എല്ലാവരെയും അഭിനന്ദിക്കുകയും വിവിധ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മാതാപിതാക്കളോട് നന്ദി അറിയിക്കുകയും ചെയ്തു. നൃത്തം, നാടകം, സംഗീതം എന്നിവയുടെ മനോഹരമായ സായാഹ്നം വര്‍ണ്ണാഭമായതും വൈകാരികവുമായ അവതരണത്താല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ സമര്‍ത്ഥമായ മാര്‍ഗനിര്‍ദേശപ്രകാരം വിഭാവനം ചെയ്ത ഷോ, ആവേശവും സമാനതകളില്ലാത്ത മനോഹാരിതയും നിറഞ്ഞതായിരുന്നു.