തിരുവനന്തപുരം- അധികാരം നിലനിർത്താൻ മുസ്ലിം ലീഗ് എന്തും ചെയ്യുമെന്നും ബാബരി മസ്ജിദ് തകർത്ത ഘട്ടത്തിലും കോൺഗ്രസുമായി ഒന്നിച്ച് ഭരണം നടത്താനാണ് ലീഗ് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
താൻ വിമർശിച്ചത് പാണക്കാട് തങ്ങളെ അല്ലെന്നും മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് എതിരെയാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. കോൺഗ്രസുമായി ബന്ധം അവസാനിപ്പിക്കണം എന്ന നിലപാട് ലീഗിന് അകത്തുണ്ടായെങ്കിലെും അത് അംഗീകരിക്കപ്പെട്ടില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണ്. ബാബരി മസ്ജിദ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകകമായിരുന്നു. ഏറെ നാളത്തെ മുന്നൊരക്കത്തിന് ശേഷമാണ് പള്ളി തകർത്തത്.
ചേലക്കര പിടിക്കാൻ യു.ഡി.എഫ് ശ്രമിച്ചിട്ടും വിജയിച്ചില്ല. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കം സകലരെയും അണിനിരത്തിയിട്ടും ഫലമുണ്ടായില്ല. പാലക്കാട് എൽഡിഎഫ് വോട്ടു വിഹിതം കൂട്ടി. ചേലക്കരയിൽ രമ്യക്ക് ലോക്സഭയിൽ കിട്ടിയ വോട്ടു പോലും കിട്ടിയില്ലെന്നും എന്നാൽ എൽഡിഎഫിന് വോട്ടു കൂടിയെന്നും പിണറായി പറഞ്ഞു.