ജിദ്ദ: സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണ നടപടികൾ മികച്ച ഫലം ചെയ്യുന്നത് കണക്കിലെടുത്ത് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. പ്രാദേശിക, ഫോറിൻ കറൻസി വിഭാഗത്തിൽ സ്ഥിരതയോടെയുള്ള എഎത്രീ (Aa3) റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്.
സമ്പദ്ഘടനയെ വൈവിധ്യവൽക്കരിക്കുന്നതിൽ രാജ്യം നേടിയ പുരോഗതിയുടേയും എണ്ണ ഇതര മേഖലയുടെ ശക്തമായ വളർച്ചയുമാണ് ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താൻ സഹായകമായതെന്ന് മൂഡീസ് റിപോർട്ട് പറയുന്നു. കാലക്രമേണ ഈ പുരോഗതികൾ സൗദി അറേബ്യയുടെ എണ്ണ വിപണികളിലുള്ള വലിയ ആശ്രിതത്വം കുറച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപോർട്ട് പറയുന്നു.
ചെലവുകൾ കാര്യക്ഷമമാക്കുന്നതിന് മുൻഗണന നൽകിയുള്ള സൗദിയുടെ സാമ്പത്തിക ആസൂത്രണത്തെ മൂഡീസ് അഭിനന്ദിച്ചു. സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിന് ലഭ്യമായ സാമ്പത്തിക വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ നിരന്തര ശ്രമങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നു. രാജ്യത്തിന്റെ എണ്ണ ഇതര സമ്പദ്ഘടനയുടെ സുസ്ഥിര വികസനത്തിനും കരുത്തുറ്റ സാമ്പത്തിക സ്ഥിതി പരിപാലിക്കുന്നതിനും ഇതു സഹായകമായെന്നും മൂഡീസ് വിലയിരുത്തുന്നു.
സ്വകാര്യ മേഖലയിൽ ഏറ്റവും ഉയർന്ന വളർച്ച സൗദിയിൽ
താരതമ്യേനെ സ്ഥിരതയുള്ള ധനക്കമ്മിയാണ് മൂഡീസ് പ്രവചിക്കുന്നത്. ഇത് ജിഡിപിയുടെ രണ്ട് ശതമാനത്തിനും മൂന്ന് ശതമാനത്തിനുമിടയിലായിരിക്കും. വരും വർഷങ്ങളിൽ സൗദിയിലെ എണ്ണ ഇതര സ്വകാര്യ മേഖല നാലു മുതൽ അഞ്ച് ശതമാനം വരെ വളർച്ച കൈവരിക്കുമെന്നും മൂഡീസ് പ്രവചിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്വകാര്യ മേഖലാ വളർച്ചാ നിരക്കാണിത്. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണ പദ്ധതികൾ വിജയം കാണുന്നതിന്റെ സൂചനയാണിത്.
സമീപ കാലത്തായി വിവിധ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കി വരുന്ന വിവിധ സാമ്പത്തിക പരിവർത്തന പദ്ധതികൾ വളരെ ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്നതാണ് ഇത്. സാമ്പത്തിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന, സാമ്പത്തിക ആസൂത്രണത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്ന, സാമ്പത്തിക ഭദ്രതയെ ഊട്ടിയുറപ്പിക്കുന്ന സാമ്പത്തിക നയങ്ങളും ഘടനാപരമായ പരിവർത്തനങ്ങളുമാണ് സൗദിയെ പുരോഗതിയുടെ പുതിയ പാതയിലേക്ക് നയിക്കുന്നത്.