അബുദാബി – കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ ജൂത റബ്ബി സ്വി കോഗനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു. യഹൂദ വിരുദ്ധ ഭീകരാക്രമണത്തിന്റെ ഇരയാണ് സ്വി കോഗന്‍ എന്ന് പ്രാഥമികാന്വേഷണങ്ങള്‍ സ്ഥിരീകരിക്കുന്നതായി ഇസ്രായിലി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെ ശക്തമായ അപലപിച്ച ഇസ്രായില്‍ ഗവണ്‍മെന്റ്, അക്രമികളെ പിന്തുടരാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് പറഞ്ഞു.
ഓര്‍ത്തഡോക്‌സ് യഹൂദമതത്തിലെ ഹസിഡിക് പ്രസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്ന സ്വി കോഗന്റെ മൃതദേഹം യു.എ.ഇയിലെ അല്‍ഐനിലാണ് കണ്ടെത്തിയത്. കാറില്‍ വെച്ച് ഇദ്ദേഹം ആക്രമണത്തിന് ഇരയായതായി തെളിവുകളുണ്ട്. കൊല്ലപ്പെട്ട ദിവസം സ്വി കോഗന്‍ ഓടിച്ചിരുന്ന കാറില്‍ മല്‍പിടുത്തത്തിന്റെ അടയാളങ്ങളും രക്തക്കറയും കണ്ടെത്തിയതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് പറഞ്ഞു.
ഇറാന്റെ നിര്‍ദേശാനുസരണം അസര്‍ബൈജാനില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് സ്വി കോഗന്‍ കൊലപ്പെടുത്തിയതെന്ന് പ്രാഥമികാന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഇസ്രായിലി ചാരസംഘടനയായ മൊസാദ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികള്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്.
സ്വി കോഗന്‍ മോള്‍ഡോവന്‍ പൗരനാണ്. ഇദ്ദേഹത്തെ കാണാതായതുമായി ബന്ധപ്പെട്ട കേസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയത്തിനു കീഴിലെ ഫോറിന്‍ നാഷണല്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് രാവിലെ പറഞ്ഞിരുന്നു.
ഈ കേസ് മന്ത്രാലയം സജീവമായി ഫോളോഅപ് ചെയ്യുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശ മന്ത്രാലയ ഡയക്ടര്‍ മാജിദ് അല്‍മന്‍സൂരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അബുദാബിയിലെ മോള്‍ഡോവ എംബസിയുമായി യു.എ.ഇ വിദേശ മന്ത്രാലയം തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. കാണാതായ വ്യക്തിക്കു വേണ്ടി ആഭ്യന്തര മന്ത്രാലയം ശക്തമായ തിരച്ചിലുകള്‍ നടത്തുന്നുണ്ട്. മോള്‍ഡോവന്‍ പൗരനെ കാണാതായെന്ന റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ യു.എ.ഇയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ തിരച്ചിലും അന്വേഷണങ്ങളും ആരംഭിച്ചിരുന്നതായും മാജിദ് അല്‍മന്‍സൂരി പറഞ്ഞു.