റിയാദ്- മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയനിലപാടുകളില്‍ വൈരുധ്യം പുലര്‍ത്തുന്ന സി.പി.എം വര്‍ഗീയത ഇളക്കിവിടാനാണ് തെരഞ്ഞെടുപ്പ് സമയത്ത് ശ്രമിച്ചത്. ജമാഅത്തെ ഇസ്ലാമിയെ അധിക്ഷേപിക്കുന്നത് മൂലം പല ലക്ഷ്യങ്ങളും സി.പി.എം മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അത് ഇപ്പോള്‍ വിലപ്പോവുന്നില്ല. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ ചില പത്രങ്ങളില്‍ പച്ചയായ വര്‍ഗീയത വെളിവാക്കിയ പരസ്യങ്ങള്‍ നല്‍കി ബി.ജെ.പി യോടൊപ്പം മത്സരിക്കാനാണ് സി.പി.എം ശ്രമിച്ചത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച നയനിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. സംഘ്പരിവാറിന് കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന പാലക്കാട് ബി.ജെ.പി പരാജയപ്പെടണം. ഇടതു സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ പ്രീണനനയങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണം എന്നതായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച സുപ്രധാന തെരഞ്ഞെടുപ്പ് സമീപനം. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് ശക്തമായ താക്കീതായി കൂടി തെരഞ്ഞെടുപ്പ് ഫലം മാറണമെന്നും പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. ഈ നയങ്ങള്‍ വിജയിപ്പിക്കാന്‍ താഴെ തട്ടില്‍ നടത്തിയ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണ്.
പാലക്കാട് സി പി എമ്മും ബി ജെ പി യും ഒരേ പോലെ നടത്തിയ ധ്രുവീകരണ ശ്രമങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുനമ്പം വിഷയം മുതലെടുത്തു കൊണ്ട് വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ നടത്താനായിരുന്നു ബി.ജെ.പി കിണഞ്ഞു പരിശ്രമിച്ചിരുന്നത്. ബി.ജെ.പി യെ ജനങ്ങള്‍ തിരസ്‌കരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം പാലക്കാട് തരുന്നുണ്ട്. ശക്തികേന്ദ്രമായി കരുതപ്പെട്ടിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്കെതിരില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് ശുഭോദര്‍ക്കമാണ്.
ചേലക്കരയിലും എല്‍ ഡി എഫിനെതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം നേടിയ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് അതിന് തെളിവാണ്. വയനാട്ടിലും എല്‍.ഡി.എഫ് -ബി.ജെ.പി സ്ഥാനാര്‍ഥികളുടെ വോട്ട് നിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, ബത്ഹ ഏരിയ സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.