ജിദ്ദ – ഭക്ഷ്യവിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ സൗദി അറേബ്യക്ക് പുറത്തേക്ക് പോകാന്‍ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി. ഭക്ഷ്യവിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും ഭക്ഷ്യവിഷബാധ സംശയിക്കുന്ന സാഹചര്യങ്ങളിലും സ്ഥാപനങ്ങള്‍ പാലിക്കേണ്ട കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ അതോറിറ്റി പുറപ്പെടുവിച്ചു.
ഭക്ഷ്യവിഷബാധ സംഭവിച്ചാല്‍ സ്ഥാപനങ്ങളിലെ ഉപകരണങ്ങളും പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വൃത്തിയാക്കുന്നതിനും നശിപ്പിക്കുന്നതിനും നീക്കം ചെയ്യുന്നതിനും വിലക്കുണ്ട്. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്താലും ഭക്ഷ്യവിഷബാധ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിലും ജീവനക്കാരെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിക്കലും നിര്‍ബന്ധമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ ഇവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കും.