പെഷവാർ (പാകിസ്ഥാൻ)- വടക്കൻ പാകിസ്ഥാനിൽ തോക്കുധാരികൾ ഇന്ന് (വ്യാഴം) രണ്ടിടങ്ങളിൽ നടത്തിയ വെടിവെപ്പിൽ 38 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ അമ്പത് വരെ എത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുപതിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. പർവതപ്രദേശമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സുന്നി, ഷിയാ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് വെടിവെപ്പ്. പ്രവിശ്യയിലെ ഖുറം ജില്ലയിൽ നേരത്തെ വിഭാഗീയ സംഘട്ടനങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ഖുറമിൽ സഞ്ചരിക്കുകയായിരുന്ന ഷിയാ മുസ്ലീങ്ങളുടെ രണ്ട് വ്യത്യസ്ത വാഹനവ്യൂഹങ്ങളെ ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ആക്രമണമുണ്ടായതെന്ന് മുതിർന്ന അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥനായ ജാവേദ് ഉല്ലാ മെഹ്‌സൂദ് എഎഫ്‌പിയോട് പറഞ്ഞു.
മരണസംഖ്യ 38 ആയി ഉയർന്നു, രണ്ട് ആക്രമണങ്ങളിലും മറ്റ് 11 പേർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയായവരിൽ ആറ് സ്ത്രീകളും നിരവധി കുട്ടികളും പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. പത്തു പേർ അടങ്ങുന്ന അക്രമികളാണ് വെടിവെപ്പ് നടത്തിയത്. പോലീസ് അകമ്പടിയിൽ സഞ്ചരിക്കുകയായിരുന്ന നാൽപതോളം വരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.