ജെറൂസലം/ആംസ്റ്റർഡാം: ഗാസയിലെ മനുഷ്യത്വവിരുദ്ധമായ യുദ്ധകുറ്റകൃത്യങ്ങളിൽ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലൻഡിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നടപടിക്കെതിരേ ഇസ്രായിലും അമേരിക്കയും രംഗത്ത്. അറസ്റ്റ് വാറണ്ടിനെതിരെ നിരവധി ഇസ്രായേൽ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. നടപടി യു.എസും അപലപിച്ചു.
ഭീകരസംഘടനകൾക്കെതിരെയുള്ള പോരാട്ടമാണ് ഗാസയിലെ യുദ്ധമെന്ന് ഇസ്രായിൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡിന്റെ ന്യായീകരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ കാപട്യമാണ് ക്രിമിനൽ കോടതി ഉത്തരവിലൂടെ വെളിപ്പെടുന്നതെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്‌ദോർ ലീബർമാനും പ്രതികരിച്ചു. തങ്ങളുടെ പൗരന്മാരെ സംരക്ഷിച്ചതിന് ഇസ്രായേൽ മാപ്പ് പറയില്ലെന്നും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും ലീബർമാൻ പ്രഖ്യാപിച്ചു.
ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയതിന് ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്‌റാഹീം അൽമസ്രിക്കെതിരേയും മറ്റൊരു ഉത്തരവിൽ ഐ സി സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ അവകാശവാദം.
ഗസയെ പട്ടിണിയിലേക്ക് എത്തിച്ചതിൽ നെതന്യാഹുവും ഗാലൻഡും ഉത്തരവാദികളാണെന്ന് ഐസിസി ഉത്തരവിൽ പറയുന്നു. നെതന്യാഹുവും ഗാലൻഡും ഗാസയിലെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ മനഃപ്പൂർവ്വം നഷ്ടപ്പെടുത്തിയെന്നും അന്താരാഷ്ട്ര കോടതി കുറ്റപ്പെടുത്തി. വാറന്റ് ഒഴിവാക്കാൻ ഇസ്രായേൽ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം മൂന്ന് ജഡ്ജിമാരടങ്ങുന്ന ഐസിസിയുടെ പ്രീട്രയൽ ചേംബർ തള്ളുകയായിരുന്നു. കോടതിയുടെ അധികാരപരിധി സംബന്ധിച്ച ഇസ്രായേലി വാദങ്ങളും കോടതി നിരാകരിച്ചു. ഫലസ്തീനും ഐസിസിയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് കോടതി വ്യക്തമാക്കി.