ജിസാൻ- കഴിഞ്ഞ ഒമ്പതാം തിയതി ജിസാനിലെ സാംതയിൽ നിര്യാതനായ ഹൈദരാബാദ് സ്വദേശി ആമിർ ഖാൻ പത്താന്റെ മൃതദേഹം ജിസാനിൽ മറവ് ചെയ്തു. ജിസാൻ മഖാരിയ മഖ്ബറയിൽ നടന്ന ഖബറടക്ക ചടങ്ങുകൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ ഗഫൂർ വാവൂർ നേതൃത്വം നൽകി. ഖബറടക്ക ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർ പങ്കെടുത്തു.
ജിസാനിൽ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പേപ്പർ വർക്കുകൾക്കും നിയമ സഹായങ്ങൾക്കും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സി.സി.ഡബ്ല്യു.എ മെമ്പറുമായ ശംസു പൂക്കോട്ടൂർ നേതൃത്വം നൽകി. പത്ത് വർഷമായി ജിസാനിലെ സാംതയിൽ ടൈലറിംഗ് ജോലി ചെയ്ത് വരികയായിരുന്നു ആമിർ ഖാൻ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ആമിർ ഖാന്റെ വരുമാന മാർഗമായ ടൈലറിംഗ് സ്ഥാപനം സ്പോൺസർ ഹസന്റെ സഹകരണത്തോടെ ശംസു പൂക്കോട്ടൂരിന്റെ മേൽനോട്ടത്തിൽ വിൽപ്പന നടത്തുകയും കിട്ടിയ തുക കുടുംബത്തിനു കൈമാറുന്നതിനു വേണ്ടി ആമിർ ഖാന്റെ സുഹൃത്ത് നസീറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.