കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുെമെന്നും മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഇതുസംബന്ധിച്ച് സമസ്ത നേതാക്കൾ യഥാസമയം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പരസ്യത്തിലെ വിഷയവുമായി യാതൊരു യോജിപ്പുമില്ലെന്നും ബന്ധമില്ലെന്നും സുപ്രഭാതം ചെയർമാൻ തന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയതാണെന്നും ഹമീദ് ഫൈസി പറഞ്ഞു. അതേ സമയം എല്ലാവരുടേയും പരസ്യങ്ങൾ നൽകുന്നത് പോളിസിയുടെ ഭാഗമാണെന്നും സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ആ പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും യോജിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഇതിന് പരിഹാരം ഉണ്ടാക്കാൻ നമ്മുടെ നേതാക്കൾ പ്രതിജ്ഞാബദ്ധരാണെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.
അതേസമയം, വിവാദ പരസ്യം പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സെനുല്‍ ആബിദീന്‍ വ്യക്തമാക്കി. പരസ്യം ഗുണകരമായത് ബി.ജെ.പിക്കാണ്. പത്രം ഒരു പണ്ഡിത സഭയുടേത് കൂടിയാണെന്നും ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിലും ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തില്‍ വന്നിരുന്നു, പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രഭാതത്തില്‍ അനുചിത പരസ്യം വന്നത് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കി. മുനമ്പം വിഷയത്തില്‍ മറ്റ് മതസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിച്ച ശേഷം അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് സുപ്രഭാതത്തില്‍ ലേഖനം വന്നപ്പോള്‍ ഒരുപാട് പേര്‍ക്ക് പ്രയാസമുണ്ടാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ഒഴിവാക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.