പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നതിനിടെ വെണ്ണക്കര ഗവൺമെന്റ് സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥയുണ്ടായത്.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ വെണ്ണക്കരയിൽ ബൂത്ത് സന്ദർശനത്തിനെത്തിയ രാഹുലിനെ ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറിയപ്പോൾ ആദ്യം ബി.ജെ.പി ഏജന്റ് ബഹളം വയ്ക്കുകയായിരുന്നു. സ്ഥാനാർത്ഥി കൈ ഉയർത്തി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ബി.ജെ.പി ഏജന്റ് ആരോപിച്ചത്. തുടർന്ന് ഇടത് ഏജന്റും ഇതിനെതിരേ രംഗത്തുവരികയായിരുന്നു. പിന്നാലെ പ്രശ്‌നം ബൂത്തിന് പുറത്ത് പാർട്ടി പ്രവർത്തകർ കൂടി ഏറ്റെടുത്തതോടെ ഇവരെ ശാന്തരാക്കാൻ പോലീസ് ഇടെപടുകയായിരുന്നു.
ആരോപണം ശരിയല്ലെന്നും ബി ജെ പിക്ക് തോൽക്കാൻ പോകുന്നതിന്റെ പേടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചപ്പോൾ ബൂത്തിൽ കയറി വോട്ട് ചോദിച്ചതാണ് പ്രകോപനമെന്ന് ബി.ജെ.പി പ്രവർത്തകർ തിരിച്ചടിച്ചു.
.
പോളിങ് സ്റ്റേഷനകത്തേക്ക് പോകാനാണ് സ്ഥാനാർത്ഥികൾക്ക് പാസ് നൽകുന്നത്. ഇവിടെ യു ഡി എഫിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണ്. വോട്ടർമാർ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇവിടെയെത്തിയത്. ഞാൻ വരുന്നതിനു മുമ്പ് ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി വന്നെങ്കിലും അപ്പോൾ ബി ജെ പി പ്രവർത്തകർക്ക് പ്രശ്‌നമുണ്ടായില്ലെന്നും ഇപ്പോൾ അനാവശ്യമായി ഇരുകൂട്ടരും പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബൂത്തിൽ കയറി വോട്ട് ചോദിച്ചോയെന്ന് ക്യാമറ നോക്കുമ്പോൾ മനസ്സിലാകുമെന്നും വോട്ടർമാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവർ നടത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചു.
എന്നാൽ, സ്ഥാനാർത്ഥി പാസ് ഉപയോഗിച്ച് പോകുന്നതല്ല വിഷയം സ്ഥാനാർത്ഥി ബൂത്തിൽ കയറി വോട്ട് ചോദിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് ബി.ജെ.പി പ്രവർത്തകർ ചൂണ്ടിക്കാട്ടി. വാക്കുതർക്കം ഉന്തും തള്ളലുമായി സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ വെണ്ണക്കരയിൽ യു ഡി എഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായി എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ ആരോപിച്ചു. മറ്റു പല ബൂത്തുകളിലും യു ഡി എഫ് പ്രവർത്തകരെ ഇപ്പോൾ കാണാനേയില്ല. ഇലക്ഷൻ അലങ്കോലമാക്കാനാണ് ശ്രമം. പ്രതീക്ഷകൾ അസ്ഥാനത്താണെന്ന് കണ്ടതോടെയാണ് വേണ്ടാത്ത ഇടപെടലുകളിലേക്ക് ഇവർ പോകുന്നതെന്നും നിയമപരമായ നടപടികൾ തങ്ങൾക്കും അറിയാമെന്നും തെരഞ്ഞെടുപ്പ് ശാന്തമായി നടക്കട്ടെയെന്നും സരിൻ പ്രതികരിച്ചു.
വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട്ട് അഞ്ചുമണിവരെ 63.45 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.