പാലക്കാട്: ബി.ജെ.പിയുടെ ഓഫീസ് നിർമാണത്തിന് അമ്മ നൽകാമെന്നേറ്റ സ്ഥലം അവർക്ക് നൽകുമെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. പാലക്കാട്ടെ പത്രപരസ്യ വിവാദത്തിനിടെയാണ് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചപ്പോൾ സന്ദീപ് നിലപാട് വ്യക്തമാക്കിയത്.
അമ്മ ബി.ജെ.പി ഓഫീസിന് നൽകിയ സ്ഥലം ഒപ്പിട്ട് കൊടുക്കും. ബി.ജെ.പിയുടെ വിദേഷ രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ലെങ്കിലും അമ്മയുടെ വാക്ക് എനിക്ക് മാറ്റാനാവില്ല. പക്ഷേ, സ്ഥലം ബി.ജെ.പിക്ക് നൽകാൻ ഒരു കണ്ടീഷനുണ്ട്. അനന്തമായി അവരെ കാത്തിരിക്കില്ല. ഒരുവർഷത്തിനകം അവർ സ്ഥലം ആവശ്യപ്പെട്ട് എന്റെ അടുത്ത് വരണം. അല്ലാത്തപക്ഷം നൽകില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ഞാൻ ബി.ജെ.പി വിട്ടതിൽ അവർക്കില്ലാത്ത വിഷമം സി.പി.എമ്മിന് എന്തിനാണെന്നും സന്ദീപ് വാര്യർ ചോദിച്ചു. ഒരാൾ തെറ്റ് തിരുത്തേണ്ടതില്ലെന്നാണോ ഇവരുടെ വിചാരം.
കണ്ണൂരിൽ സഖാക്കളെ കൊന്നുതള്ളിയെന്ന് ആരോപിക്കപ്പെട്ട ഒ.കെ വാസുമാസ്റ്ററും അശോകനും സംഘവും ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയിട്ട് ദിവസവും സംഘപരിവാർ ആശയം തള്ളിപ്പറയുന്നുണ്ടോ എന്നും തന്നെ ഇപ്പോഴും സംഘിയാക്കുന്ന സി.പി.എം നേതാക്കളോടായി സന്ദീപ് വാര്യർ ചോദിച്ചു. ഞാൻ സംഘപരിവാർ ആശയങ്ങളെ പൂർണമായും തള്ളുമ്പോഴും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാണെന്നും അത് വിലപ്പോവില്ലെന്നും സന്ദീപ് വ്യക്തമാക്കി.
പാലക്കാട്ട് ബി.ജെ.പി പരാജയത്തെ തുറിച്ചുനോക്കുമ്പോൾ സി.പി.എം വർഗീയ വിഭജനത്തിനുള്ള പുതിയ തുരുപ്പ് ചീട്ടുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. അതിന്റേ ഏറ്റവും ഒടുവിലത്തേതാണ് എൽ.ഡി.എഫിന്റെ പത്രപരസ്യ വിവാദം. താൻ ബി.ജെ.പിയിൽ ചെയ്തുകൂട്ടിയ സമസ്ത അപരാധങ്ങളും തിരുത്തി, ഏറ്റുപറഞ്ഞാണ് വിദ്വേഷരാഷ്ട്രീയം വിട്ട് കോൺഗ്രസിന്റെ സ്‌നേഹത്തിന്റെയും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും കടയിൽ അംഗത്വം എടുത്തതെന്നും സന്ദീപ് ആവർത്തിച്ചു.