കോഴിക്കോട്: ആർ എസ് എസും ബി ജെ പിയും ആകാതെയും സംഘിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മകളെ രക്ഷിക്കാനാണീ വേലയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് സംഘി എന്നതിനേക്കാൾ യോജിക്കുന്ന പദം വേറെയില്ല. നിർബന്ധിത സാഹചര്യത്തിലായിരിക്കാം അദ്ദേഹം അങ്ങനെയാകുന്നത്. പാർട്ടിയാണോ അണികളാണോ രാജ്യമാണോ അതോ മകളാണോ വലുതെന്ന ചോദ്യം അദ്ദേഹത്തിന് മുന്നിൽ വന്നിട്ടുണ്ടാകും. ഈ സാഹചര്യത്തിൽ സംഘിയായി മകളെ രക്ഷിക്കാമെന്ന് അദ്ദേഹം കരുതിക്കാണും.
പിണറായി വിജയൻ നിരന്തരം ഇസ്ലാമോഫോബിക് പരാമർശം നടത്തുകയാണ്. അങ്ങനെ, ആർ എസ് എസും ബി ജെ പിയും ആകാതെയും സംഘിയാകാമെന്ന് പിണറായി തെളിയിച്ചു.
ഉത്തരേന്ത്യൻ മാതൃകയിൽ വിവാദങ്ങളെ ജാതീയമായി വേർതിരിക്കാനാണ് ശ്രമമെന്നും ഷാജി കുറ്റപ്പെടുത്തി. തന്നെ വിമർശിച്ച സി പി എം നേതാവ് എ.കെ ബാലൻ ആള് പാവമാണ്. അൽപ്പം കിളിപോയി എന്ന പ്രശ്നം മാത്രമേയുള്ളൂ. പിണറായി വിജയൻ എന്ന ആന കുത്തിയിട്ട് താൻ വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ഡം തട്ടിയിട്ട് വീഴുന്നത്. മുഖ്യമന്ത്രിയെ കാണുമ്പോൾ സ്നഗ്ഗി ഇട്ടുനടക്കുന്ന എ.എ റഹീം എം.പി തന്നെ പഠിപ്പിക്കാൻ വരേണ്ട. രാഷ്ട്രീയം പറയുമ്പോൾ സാദിഖലി തങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്. രാഷ്ട്രീയമായ മറുപടി പറഞ്ഞില്ലെങ്കിൽ അതേ ഭാഷയിൽ തിരിച്ചുകിട്ടുമെന്ന് മുഖ്യമന്ത്രിയും മനസ്സിലാക്കണമെന്ന് ഷാജി പറഞ്ഞു.
സമസ്തയുമായി തനിക്ക് ഒരു തർക്കവുമില്ല. സംഘടനയെയല്ല താൻ എതിർക്കുന്നത്. നാവുകൂടിയ ഇനത്തെയാണ് എതിർക്കുന്നത്. അവരുടെ ആശങ്കയ്ക്ക് ഒരു പിണറായി പക്ഷമുണ്ട്. വഖഫ് ഭൂമി പ്രശ്നം വഷളാക്കാനാണ് സർക്കാർ ശ്രമം. അതിനാണ് വേണ്ടപ്പെട്ടവരെ കൊണ്ട് പത്രങ്ങളിൽ ലേഖനം എഴുതിക്കുന്നതെന്ന് സുപ്രഭാതത്തിന്റെ പേര് പറയാതെ ഷാജി പറഞ്ഞു. ഇതിന് മുസ്ലിം ലീഗ് നിന്നുകൊടുക്കില്ലെന്നും കെ.എം ഷാജി വ്യക്തമാക്കി.