- സി.പി.എമ്മിന്റേത് വർഗീയ വിഭജനത്തിനുള്ള പുതിയ തുരുപ്പ് ചീട്ട്. ബി.ജെ.പിയെ പരാജയം തുറിച്ചു നോക്കുന്നുവെന്നും സന്ദീപ് വാര്യർ
പാലക്കാട്: പാലക്കാട്ട് ബി.ജെ.പി പരാജയത്തെ തുറിച്ചുനോക്കുമ്പോൾ സി.പി.എം വർഗീയ വിഭജനത്തിനുള്ള പുതിയ തുരുപ്പ് ചീട്ടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത സന്ദീപ് വാര്യർ.
നിശബ്ദ പ്രചാരണത്തിന് സി പി എം തെരഞ്ഞെടുത്ത രീതി കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളെ തകർക്കുന്നതാണെന്ന് രണ്ട് സുന്നി മുഖപത്രങ്ങളിൽ വന്ന ഇടത് പരസ്യം ചൂണ്ടാക്കിട്ടി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷം വമിപ്പിക്കുന്ന ഒരു രീതിയാണ് സി.പി.എം സ്വീകരിച്ചത്. വടകരയിൽ സ്വീകരിച്ച കാഫിർ സ്‌ക്രീൻഷോട്ടിന് സമാനമോ അതല്ലെങ്കിൽ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സി പി എമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബി ജെ പിയാണെന്നും സന്ദീപ് ആരോപിച്ചു.
താൻ ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയം വിട്ടതിൽ വിഷമം ഉണ്ടാകേണ്ടത് ബി.ജെ.പിക്കാണ്. എന്നാൽ അവരേക്കാൾ വിഷമം പാലക്കാട്ട് സി.പി.എമ്മിനാണ്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വർഗീയമായുള്ള വിഭജനം ലക്ഷ്യമിട്ടുള്ളതാണ് ഈ തെരഞ്ഞെടുപ്പ് പരസ്യം. ഇത്തരം പ്രചാരണങ്ങളെ പാലക്കാട്ടെ ജനത തിരിച്ചറിയും.
എനിക്കെതിരായി നൽകിയ പരസ്യത്തിലെ സ്‌ക്രീൻ ഷോട്ടുകളെല്ലാം വ്യാജമാണ്. ഗാന്ധിജിയെ വെടിവെക്കുന്നതുമായി ബന്ധപ്പെട്ട പരാമർശം തന്റേത് പോലുമല്ല. അത് അന്നും ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിലും പ്രസ്തുത ചാനലിൽ ചർച്ച നയിച്ച മാധ്യമപ്രവർത്തകൻ അടക്കം വ്യക്തമാക്കിയതാണ്. ഫാക്ട് ഫൈൻഡിങ് ടീമും എനിക്കെതിരേയുള്ളത് വ്യാജ സ്‌ക്രീൻ ഷോട്ടാണെന്ന് കണ്ടെത്തിയതാണ്. ഒരു ചാനൽ ചർച്ചയിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം സ്വരാജ് നടത്തിയ പരാമർശം അദ്ദേഹത്തെ കളിയാക്കാനായി ഞാൻ അതേ ചർച്ചയിൽ തന്നെ എടുത്തുദ്ധരിച്ചതാണ്. പക്ഷേ, അതും എന്റെ തലയിൽ കെട്ടിവെച്ചാണ് എൽ.ഡി.എഫിന്റെ പത്ര പരസ്യം വന്നിട്ടുള്ളതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
താൻ എഫ്.ബിയിൽ എഴുതിയതൊന്നും റിമൂവ് ചെയ്യുന്നില്ല. ഓരോരുത്തരുടെയും എഫ്.ബി വാളുകൾ ഡിജിറ്റൽ ലൈബ്രറിയോ ഡിജിറ്റൽ ഡയരിയോ ആണ്. എന്റെ ഭൂതകാല തെറ്റുകളും അബദ്ധങ്ങളുമെല്ലാം അതിലുണ്ടാവും. അത് ഓരോന്നും തിയ്യതിവെച്ച് പോയി തിരുത്തേണ്ട കാര്യമില്ല. ഡോ. സരിന്റെ എഫ്.ബി മാറ്ററുകൾ തിരുത്തിയോ? അങ്ങനെയെങ്കിൽ സരിൻ ഇപ്പോഴും കോൺഗ്രസുകാരനല്ലേ? ഞാൻ ബി.ജെ.പിയിൽ ആയിരിക്കുമ്പോൾ ചെയ്തതെല്ലാം നൂറുശതമാനം തെറ്റാണ്. അതിനെ തള്ളപ്പറഞ്ഞാണ് ഞാൻ ആ വിദ്വേഷ രാഷ്ട്രീയത്തോട് വിട പറഞ്ഞ് ഇറങ്ങിപ്പോന്നത്. അതിലാർക്കും സംശയം വേണ്ട. വിഷം വമിപ്പിക്കുന്ന സ്ഥലത്ത് നിന്നും സ്‌നേഹത്തിന്റെ കടയിലേക്കാണ് ഞാൻ വന്നത്. അതിനാൽ, പഴയ കാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടതില്ല. കോൺഗ്രസിന്റെ നയങ്ങളാണ് എനിക്ക്.
പിന്നെ, എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നേരത്തെ തന്നതാണ്. പിന്നെന്തിനാണ് ഇപ്പോൾ എന്നെ മോശക്കാരനാക്കാൻ ശ്രമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ശോഭ കെടുത്താനാണ് സി.പി.എം ശ്രമം. പാർട്ടിയുമായി ആലോചിച്ച് നിയമ നടപടികൾ സ്വീകരിക്കും. പ്രവാചകനെതിരെ ആക്ഷേപങ്ങളുമായി നടന്നയാളായിരുന്നു ചരിത്രത്തിലെ ഉമർ. പക്ഷേ, തെറ്റ് തിരിച്ചറിഞ്ഞ് നിലപാട് തിരുത്തിയപ്പോൾ ചേർത്തുപിടിക്കുകയായിരുന്നു. അത്തരമൊരു സമുദായത്തെയാണ് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നെ വർഗീയവാദി എന്ന് മുദ്രകുത്തുന്നവർക്ക് ഖലീഫ ഉമറിന്റെ ചരിത്രം അറിയില്ല. ഇതിലും വലിയ ആക്ഷേപം നേരിട്ട ആളാണ് പ്രവാചകനെന്നും സന്ദീപ് വാര്യർ ഓർമിപ്പിച്ചു.