- കോൺഗ്രസ് പരാജയ ഭീതിയിൽ വിവാദങ്ങളുണ്ടാക്കുകയാണ്. പരസ്യത്തിൽ എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം തന്നെ ആകണമെന്നില്ലെന്നും രണ്ടു പത്രങ്ങളിലെ പരസ്യം മാത്രം വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി എം.ബി രാജേഷ്.
പാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനിൽ പ്രസിദ്ധീകരിച്ച ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തെച്ചൊല്ലി വിവാദം.. സരിൻ തരംഗം എന്ന മുഖ്യ വാർത്തയോടൊപ്പം ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം നൽകിയിട്ടുള്ളത്. ഇതാണിപ്പോൾ വിവാദത്തിലായിരിക്കുന്നത്.
സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന സന്ദീപ് വാര്യറെ കുറിച്ചുളള പരസ്യമാണ് വിവാദത്തിലായത്. ബി.ജെ.പി ആശയങ്ങൾ തള്ളി, രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ആശയങ്ങൾ സ്വീകരിച്ചാണ് താൻ കോൺഗ്രസ് പ്രവർത്തകനായതെന്ന് സന്ദീപ് പറയുമ്പോൾ, വീണ്ടും പഴയ കുറിപ്പുകൾ കുത്തിപ്പൊക്കി, രാഷ്ട്രീയ സാദാചാരത്തിന് നിരക്കാത്ത പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്നാണ് വിമർശം.
ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയതിലും പലരും അത്ഭുതം കൂറുന്നു. മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമായി രണ്ട് മുസ്‌ലിം മാനേജുമെന്റുകൾ നടത്തുന്ന പത്രത്തിൽ മാത്രം സന്ദീപിനെതിരായ പരസ്യം നൽകിയതിലെ സി.പി.എമ്മിന്റെ വിഭാഗീയ ചിന്തയും വിമർശിക്കപ്പെടുന്നു. സന്ദീപിനെതിരായ ‘വിഷപ്പാമ്പ് അധിക്ഷേപം’ അടക്കമുള്ള വിഷയം ചർച്ചയാകുകയാണ്. അനവസരത്തിലും സൂക്ഷ്മതയില്ലാത്തതുമായ ഇത്തരം വഴിവിട്ട പ്രചാരണം നല്ലതല്ലെന്ന് കക്ഷിരാഷ്ട്രീയത്തിൽ വിശ്വസിക്കാത്തവരും പറയുന്നു. ശരിയായ രാഷ്ട്രീയം പറയാതെ ഒരു വ്യക്തിയെ അധിക്ഷേപിച്ച് അയാൾക്ക് മാർക്കറ്റുണ്ടാക്കുന്ന രീതിയിലേക്ക് സി.പി.എം പ്രചാരണം ഗതിമാറിയതും പലരും വിമർശിക്കുന്നു.
എന്നാൽ, ‘കോൺഗ്രസ് പരാജയ ഭീതിയിൽ വിവാദങ്ങളുണ്ടാക്കുകയാണ്. എല്ലാ പത്രങ്ങളിലും ഞങ്ങൾ പരസ്യം കൊടുത്തിട്ടുണ്ടെന്നും എന്നാൽ രണ്ടു പത്രങ്ങളിലെ പരസ്യം മാത്രം വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും’ മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു.
സന്ദീപ് ഇപ്പോഴും ആർ.എസ്.എസുകാരനാണ്. പരസ്യത്തിൽ എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം തന്നെ ആകണമെന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും സന്ദീപിനോട് ഫേസ്ബുക്കിലെ പരാമർശങ്ങളൊക്കെ ഡിലീറ്റ് ചെയ്യാൻ കോൺഗ്രസ് നേതൃത്വം പറയണമായിരുന്നുവെന്നും എം.ബി രാജേഷ് പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി വടകര എം.പിയും പാലക്കാട് മുൻ എം.എൽ.എയുമായ ഷാഫി പറമ്പിൽ രംഗത്തുവന്നു. ഇന്ന് കണ്ടത് വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ മോഡിഫൈഡ് വേർഷനാണെന്നായിരുന്നു ഷാഫിയുടെ കുറ്റപ്പെടുത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷൻ എങ്ങനെ ഇതിനു അനുമതി കൊടുത്തു? ബി.ജെ.പി ഈ പരസ്യം കൊടുത്താൽ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എം.ബി രാജേഷിന്റെ വീട്ടിലും എ.കെ ബാലന്റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന് ആദ്യം പറഞ്ഞ നേതാക്കൾ ഇവരല്ലേയെന്നും ഷാഫി ചോദിച്ചു.