പാലക്കാട്: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരകോടിയിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും പ്രകടമായത്.
വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ തെരഞ്ഞെടുപ്പിൽ കൂറ്റൻ റോഡ് ഷോകളുടെ ആവേശക്കടൽ തീർത്താണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശം സംഘടിപ്പിച്ചത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളായത്.
പാട്ടും നൃത്തവും താളമേളങ്ങളുമായി കൊട്ടിക്കലാശത്തിന്റെ അവസാനനിമിഷം വരെയും ആവേശം നൽകാനായി സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. വിവാദങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞുനിന്ന ഒരുമാസത്തെ വിശ്രമമറിയാത്ത പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുടനീളം നടന്നത്. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് പാലക്കാട് വോട്ടെടുപ്പ്.
അവകാശവാദങ്ങൾക്ക് ആരും പിറകിലല്ലെങ്കിലും യു.ഡി.എഫിലെ രാഹുൽ മാങ്കൂട്ടത്തിലും ഇടതുപക്ഷത്തെ ഡോ. പി സരിനും ബി.ജെ.പിയുടെ സി കൃഷ്ണകുമാറും തമ്മിലുള്ള വാശിയേറിയ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. പാണക്കാട് മുനവ്വറലി തങ്ങൾ, നടൻ രമേശ് പിഷാരടി, ഷാഫി പറമ്പിൽ, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ റാലിയെ നയിച്ചത്.
ഡോ. പി സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് നഗരം ലക്ഷ്യമാക്കി ആരംഭിച്ചത്. ഡോ. സരിനൊപ്പം മന്ത്രി എം.ബി രാജേഷായിരുന്നു റോഡ് ഷോയിൽ നിറഞ്ഞുനിന്നത്.
മേലാമുറി ജങ്ഷനിൽ നിന്നാരംഭിച്ച സി കൃഷ്ണകുമാറിന്റെ റോഡ് ഷോക്ക് എൻ.ഡി.എ നേതാക്കളായ പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവരും നേതൃത്വം നൽകി. വൈകീട്ട് ആറുവരെ വിവിധ പാർട്ടികളുടെയും മുന്നണികളുടെയും പ്രചാരണ ആവേശക്കാഴ്ചകൾ നിറഞ്ഞുനിന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ല.
എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്നും നിശബ്ദ പ്രചാരണ സമയത്ത് നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരാനോ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പാടില്ലെന്ന് പാലക്കാട് ജില്ല കലക്ടർ ഡോ. എസ് ചിത്ര അറിയിച്ചു. വ്യാപക എസ്.എം.എസ്/വോയ്‌സ് മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, എക്‌സിറ്റ് പോൾ മുതലായവ അനുവദിക്കില്ല.
ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അര മണിക്കൂർ കഴിയും വരെയാണ് എക്‌സിറ്റ് പോളുകൾക്ക് നിരോധനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്, ഝാർഖണ്ഡ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് എന്നിവയുടെയും കൊട്ടിക്കലാശവും ഇന്നായിരുന്നു. ബുധനാഴ്ചയാണ് ഇവിടെയും വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ചയാണ്.