റിയാദ് – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ടയര്‍ ഫാക്ടറി സൗദിയില്‍ സ്ഥാപിക്കാന്‍ സൗദി, തായ്‌ലന്റ് കമ്പനികള്‍ ധാരണാപത്രം ഒപ്പുവെച്ചു. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റ് ഹസന്‍ അല്‍ഹുവൈസിയുടെ സാന്നിധ്യത്തില്‍ സൗദിയിലെ അല്‍സഹ്മുല്‍അസ്‌വദ് ടയര്‍ കമ്പനി പ്രസിഡന്റ് റിട്ട. ജനറല്‍ അബ്ദുല്ല അല്‍വുഹൈബിയും തായ്‌ലന്റിലെ ഗോള്‍ഡന്‍ സ്റ്റാര്‍ റബ്ബര്‍ കമ്പനി പ്രസിഡന്റ് ആമിര്‍ ദഫാറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം സൗദിയില്‍ ടയറുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്വാഭാവിക റബ്ബര്‍ തായ്‌ലന്റ് കമ്പനി സൗദി കമ്പനിക്ക് നല്‍കും. സൗദി, തായ്‌ലന്റ് ബിസിനസ് കൗണ്‍സില്‍ പിന്തുണയോടെയാണ് മേഖലയിലെ ഏറ്റവും വലിയ ടയര്‍ ഫാക്ടറി സൗദിയില്‍ സ്ഥാപിക്കുന്നത്.
47 കോടി ഡോളര്‍ നിക്ഷേപത്തോടെയാണ് ടയര്‍ ഫാക്ടറി സ്ഥാപിക്കുന്നത്. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, ഹെവി വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാന്‍ പുതിയ പദ്ധതി സഹായിക്കും. സൗദിയിലെയും മേഖലാ രാജ്യങ്ങളിലെയും ടയര്‍ ആവശ്യം നിറവേറ്റാനും ദേശീയ വ്യാവസായിക ശേഷികള്‍ വികസിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നല്‍കാനും വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും സഹായിക്കും.
തുടക്കത്തില്‍ പ്രതിവര്‍ഷം 40 ലക്ഷം ടയറുകള്‍ നിര്‍മിക്കാന്‍ ശേഷിയില്‍ ജുബൈല്‍ ആന്റ് യാമ്പു റോയല്‍ കമ്മീഷന്‍ കുടക്കീഴില്‍ യാമ്പുവിലാണ് പുതിയ ടയര്‍ ഫാക്ടറി സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കാറുകള്‍ക്ക് ആവശ്യമായ ടയറുകളാണ് ഫാക്ടറിയില്‍ നിര്‍മിക്കുക. പ്രതിവര്‍ഷം 60 ലക്ഷം ടയറുകള്‍ നിര്‍മിക്കാനാകുന്ന തരത്തിൽ ഘട്ടംഘട്ടമായി ഫാക്ടറിയുടെ ഉല്‍പാദന ശേഷി ഉയര്‍ത്തും. തുടര്‍ ഘട്ടങ്ങളില്‍ ബസുകളുടെയും ട്രക്കുകളുടെയും ടയറുകളും ഫാക്ടറിയില്‍ നിര്‍മിക്കും.
പുതിയ ഫാക്ടറിയില്‍ രണ്ടായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് അല്‍സഹ്മുല്‍അസ്‌വദ് കമ്പനി അധികൃതര്‍ കണക്കാക്കുന്നു. ഫാക്ടറിയില്‍ നിര്‍മിക്കുന്ന ടയറുകളില്‍ പകുതിയോളം പ്രാദേശിക വിപണിയില്‍ വില്‍ക്കും. ശേഷിക്കുന്നവ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ടയര്‍ വ്യവസായം പ്രാദേശികവല്‍ക്കരിക്കാനും ഈ മേഖലയില്‍ ഗുണമേന്മയുള്ള നിക്ഷേപം ആകര്‍ഷിക്കാനുമുള്ള ശ്രമങ്ങളുമായി പുതിയ കരാര്‍ ഒത്തുപോകുന്നു. ലോകത്ത് ഏറ്റവുമധികം ടയറുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഈ സുപ്രധാന വ്യവസായ മേഖലയില്‍ ലോകത്തെ മുന്‍നിര രാജ്യമായി മാറാന്‍ സൗദി അറേബ്യക്ക് അവസരമുണ്ട്.