കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ സമസ്തയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘം (എസ്.വൈ.എസ്) രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടുകൾ വെറുപ്പ് ഉത്പാദിപ്പിക്കുന്നതാണെന്ന് എസ്.വൈ.എസ് ആരോപിച്ചു.
വർഗീയത നിറഞ്ഞ മനസ്സിൽനിന്ന് പുറത്തുവരുന്ന ദുർഗന്ധ വർത്തമാനങ്ങൾ മുഖ്യമന്ത്രിയുടെ വായിൽനിന്ന് വരുന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് അപമാനമാണ്. പാണക്കാട് തങ്ങളെ കുറിച്ചുള്ള പ്രസ്താവന വെറുപ്പുൽപാദിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകൾ സമൂഹം അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും എസ്.വൈ.എസ് വ്യക്തമാക്കി.
മുമ്പത്തെ പാണക്കാട് തങ്ങൾ ഇപ്പോഴത്തെ തങ്ങളെപ്പോലെയല്ലെന്നും എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും, സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു അനുയായിയെ പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം യു.ഡി.എഫ് ചെന്നുപെട്ട ഗതികേടാണ്. അയാളുടെ ഇന്നലെ വരെയുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ? ബാബരി മസ്ജിദ് തകർത്തത് ഓർമിപ്പിച്ച് അതിലുള്ള അമർഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ ശമിപ്പിക്കാൻ കഴിയുമോ? എന്നും സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തെ വിമർശിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ഇതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എണ്ണിയെണ്ണി മറുപടി നൽകിയപ്പോൾ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും രൂക്ഷമായ വിമർശവുമായി രംഗത്തുവരികയുണ്ടായി.