ലണ്ടൻ- മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയായ യുവ അധ്യാപകൻ ഡോ. സി.കെ സഫീറിന് പത്തൊൻപതര കോടി രൂപയുടെ (1.85 മില്യൺ പൗണ്ട്- 19 കോടി 74 ലക്ഷം) റിസർച്ച് ഫെല്ലോഷിപ്പ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെൻ്റിലെ ഫാക്കൽറ്റി അംഗമായ ഡോ സഫീറാണ് വൻ നേട്ടം സ്വന്തമാക്കിയത്. അടുത്ത തലമുറ ഇലക്ട്രോണിക്‌സിൽ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുള്ള സാങ്കേതികവിദ്യയായ സ്‌പിൻട്രോണിക്‌സ് മേഖലയിലെ മുൻനിര യുവ ഗവേഷകനാണ് സഫീർ. റോയൽ സൊസൈറ്റി യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പാണ് സഫീറിന് ലഭിച്ചത്.
മലപ്പുറം സ്വദേശിയായ ഡോ. സഫീറിൻ്റെ ഓക്‌സ്‌ഫോർഡിലേക്കുള്ള യാത്രയും റോയൽ സൊസൈറ്റി യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കാനുമുള്ള പരിശ്രമവും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ത്രസിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിൽ ഒന്നായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ സർവ്വകലാശാലയുമാണ്. ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ ലോകപ്രശസ്ത ശാസ്ത്രജ്ഞരും രാമാനുജൻ, സി വി രാമൻ തുടങ്ങിയ പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞരും റോയൽ സൊസൈറ്റി ഫെല്ലോകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയുമ്പോഴാണ് സഫീറിന്റെ നേട്ടത്തിന്റെ തിളക്കം പിന്നെയും കൂടുന്നത്.
നാനോ മെറ്റീരിയലുകൾ ഉപയോഗിച്ച് ഭാവിയിൽ കമ്പ്യൂട്ടറുകൾ സൃഷ്ടിക്കുന്നതിനുള്ള ഗവേഷണത്തിനാണ് സഫീറിനെ അവാർഡിന് തിരഞ്ഞെടുത്തത്. ഭാവിയിൽ മസ്തിഷ്ക പ്രചോദിതമായ കമ്പ്യൂട്ടിംഗ് ആർക്കിടെക്ചറുകൾ നിർമ്മിക്കുന്നതിലും സ്പിൻട്രോണിക്‌സിൻ്റെയും 2 ഡി മെറ്റീരിയലുകളുടെയും ഗവേഷണത്തിൻ്റെ അതിരുകൾ വികസിപ്പിക്കുന്നതിലും ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മോങ്ങം ഉമ്മുൽ ഖുറ ഹയർസെക്കണ്ടറി സ്കൂൾ, മൊറയൂർ വി.എച്ച്.എം ഹയർസെക്കണ്ടറി എന്നിവടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സഫീർ ദൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ഹാൻസ് രാജ് കോളേജിൽനിന്നാണ് ഫിസിക്സിൽ പഠനം പൂർത്തിയാക്കിയത്. പിന്നീട് ഫ്രാൻസ് സർക്കാറിന്റെയും ഇന്ത്യൻ സയൻസ് മന്ത്രാലയത്തിന്റെയും സ്കോളർഷിപ്പോടെ ഫ്രാൻസിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു. ഫ്രഞ്ച് ആറ്റോമിക് സെൻ്ററിൻ്റെ ഭാഗമായ സ്പിൻടെക് ലബോറട്ടറിയിൽനിന്ന് നാനോഫിസിക്സിൽ ഡോക്ടറേറ്റ് നേടി. യൂറോപ്പിലെ ഏറ്റവും അഭിമാനകരവും മത്സരപരവുമായ ഗവേഷണ അവാർഡുകളിലൊന്നായ മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പും സഫീറിന് ലഭിച്ചു. നാച്ചുറൽ ജേണലുകളിലെ പേപ്പറുകൾ ഉൾപ്പെടെ 18 ഗവേഷണ ലേഖനങ്ങൾ സഫീർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവൽ മാഗ്നറ്റിക് മെമ്മറി ടെക്നോളജികൾക്കായി മൂന്ന് അന്താരാഷ്ട്ര പേറ്റൻ്റുകളും നേടി.
SPINTEC-France-ലെ ഡോക്ടറേറ്റ് സമയത്ത്, കഴിഞ്ഞ ദശകത്തിൽ സ്പിൻട്രോണിക്‌സിലെ ഏറ്റവും ഫലപ്രദമായ കണ്ടെത്തലുകളിൽ ഒന്നായ ‘സ്പിൻ-ഓർബിറ്റ് ടോർക്ക് മെമ്മറി’ എന്ന ആശയം വികസിപ്പിക്കുന്ന സംഘത്തിലും സഫീർ സംഭാവന നൽകി. അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ പ്രസൻ്റേഷൻ അവാർഡും സഫീർ നേരത്തെ സ്വന്തമാക്കിയിരുന്നു.
ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുടനീളമുള്ള അന്താരാഷ്ട്ര കോൺഫറൻസുകളിൽ സഫീർ 25-ലധികം പ്രഭാഷണങ്ങൾ നടത്തി. ലോകമെമ്പാടുമുള്ള പ്രമുഖ ഗവേഷകരുമായും ഇൻ്റൽ, വെസ്റ്റേൺ ഡിജിറ്റൽ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഗവേഷണത്തിന് പുറമേ, ഓക്സ്ഫോർഡ് സർവകലാശാലയിൽ ബിരുദാനന്തര ഫിസിക്സ്, ഇലക്ട്രോണിക്സ് കോഴ്സുകൾ സഫീർ പഠിപ്പിക്കുന്നുണ്ട്. മോങ്ങം ചേനാട്ടു കുഴിയിൽ പരേതനായ മുഹമ്മദിന്റേയും കദീജയുടെയും മകനാണ് ഡോ. സഫീർ.